തികഞ്ഞ പരാജയം; എം വി ഗോവിന്ദനെതിരെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

single-img
19 May 2026

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പിന് മികച്ച നേതൃത്വം നല്‍കാന്‍ എംവി ഗോവിന്ദന് കഴിഞ്ഞില്ല എന്നും സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയമാണെന്നും വിമർശനം ഉയർന്നു. ഭാര്യ മത്സരിച്ചതോടെ സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പുകാലത്ത് കണ്ണൂരിലേക്ക് കേന്ദ്രീകരിച്ചുവെന്നും വിമർശനമുണ്ട്.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകാന്‍ പറ്റിയ നേതാക്കള്‍ ഇല്ലെന്ന പരാമര്‍ശത്തിലും എം വി ഗോവിന്ദന് എതിരെ വിമര്‍ശനം ഉയര്‍ന്നു. എം വി ഗോവിന്ദന്‍ എന്നാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് തനിക്കറിയാമെന്ന് എന്‍. രതീന്ദ്രന്‍ പ്രതികരിച്ചു. അക്കാലത്തേ ഈ പാര്‍ട്ടിയില്‍ ഉള്ളവരാണ് ഞങ്ങള്‍. ഞങ്ങളെല്ലാം ജില്ലാ സെക്രട്ടറിയാകാന്‍ യോഗ്യരല്ലെന്ന് എങ്ങനെയാണ് പറയുക എന്നെല്ലാമാണ് ഉയര്‍ന്ന ചോദ്യം.

അതേസമയം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആകാന്‍ നേതാക്കള്‍ തമ്മില്‍ പിടിവലി ആണെന്ന വാർത്തകളും പുറത്ത് വന്നു. മുന്‍മന്ത്രി വി ശിവന്‍കുട്ടി, വി.ജോയ്, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ ജില്ലാ സെക്രട്ടറിയാകാന്‍ രംഗത്തുണ്ട്. ജില്ലാ സെക്രട്ടറിയായിരുന്ന വി.ജോയി വീണ്ടും എംഎല്‍എ ആയതോടെയാണ് പുതിയസെക്രട്ടറിയെ കണ്ടെത്തുന്നത്. ഇന്നും നാളെയുമായി നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സെക്രട്ടറിയെ നിശ്ചയിക്കും.