സഹതാപ തരംഗമുണ്ടാക്കി കരഞ്ഞു വോട്ട് വാങ്ങി; എം. ലിജുവിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ യു. പ്രതിഭ

single-img
18 May 2026

യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ യു. പ്രതിഭ. ലിജു വിജയിച്ചത് ശരിയായ മാർഗ്ഗത്തിലൂടെയല്ലെന്നും, മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടാക്കി കരഞ്ഞു വോട്ട് വാങ്ങുകയായിരുന്നുവെന്നും പ്രതിഭ ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്കെതിരെ വലിയ രീതിയിലുള്ള കള്ളപ്രചാരണങ്ങളാണ് നടന്നതെന്ന് പ്രതിഭ പറഞ്ഞു. പ്രതിഭ രണ്ട് തവണ ജയിച്ചതല്ലേ, തനിക്ക് ഒരു തവണ അവസരം നൽകൂ എന്ന് പറഞ്ഞാണ് ലിജു വോട്ട് തേടിയത്. ഇതോടെ മണ്ഡലത്തിൽ ലിജുവിന് അനുകൂലമായി സഹതാപ തരംഗമുണ്ടാവുകയും എന്നെ വില്ലത്തിയാക്കി ചിത്രീകരിക്കുകയും ചെയ്തു.

ജനാധിപത്യത്തിൽ ഇത്തവണ വല്ലാത്ത രീതിയിൽ പണമൊഴുക്കിയാണ് യുഡിഎഫ് കളിച്ചത്. അവർ അഞ്ഞൂറ് ബോർഡുകൾ സ്ഥാപിച്ചപ്പോൾ എനിക്ക് അഞ്ച് ബോർഡുകൾ മാത്രമാണ് വെക്കാൻ സാധിച്ചത് പ്രതിഭ വ്യക്തമാക്കി.

വ്യാജപ്രചാരണങ്ങൾക്ക് പുറമെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തന്നെ വ്യക്തിഹത്യ ചെയ്യാനും വേട്ടയാടാനും ശ്രമം നടന്നതായി യു. പ്രതിഭ ആരോപിച്ചു. വീടുകൾ കയറിയിറങ്ങി അപവാദം പ്രചരിപ്പിച്ചു. ഒരു സ്ത്രീയുടെ വ്യക്തിജീവിതത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. രാഷ്ട്രീയത്തിൽ പോലുമില്ലാത്ത തന്റെ മകനെപ്പോലും ഇതിലേക്ക് വലിച്ചിഴച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും തനിക്കെതിരെയുള്ള ഈ സൈബർ-വ്യക്തിഗത ആക്രമണങ്ങൾ തുടരുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.