അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി

single-img
16 January 2024

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽനിന്ന് ഇന്ത്യൻ-അമേരിക്കൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. ആദ്യ മത്സരം നടന്ന അയോവയിൽ നേരിടേണ്ടി വന്ന തിരിച്ചടിക്ക് പിന്നാലെയാണ് മലയാളി കൂടിയായ വിവേക് രാമസ്വാമിയുടെ ഈ പിന്മാറ്റം. അയോവയിലെ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ടുകൾക്കായിരുന്നു ട്രംപ് വിജയിച്ചത്.

അയോവ തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തായിരുന്നു 38 കാരനായ വിവേക് രാമസ്വാമി. ഇവിടെ പ്രതീക്ഷിച്ച ജയം കരസ്ഥമാക്കാൻ സാധിച്ചില്ലെന്ന് തിങ്കളാഴ്ച രാത്രി അദ്ദേഹം പറഞ്ഞു. മാത്രമല്ല മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു. ബയോടെക്‌നോളജി, ഫിനാൻസ് എന്നീ രംഗങ്ങളിലാണ് വിവേക് രാമസ്വാമിയുടെ വ്യവസായം.

താൻ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ട്രംപിന് മാപ്പ് നൽകുമെന്നായിരുന്നു വിവേക് രാമസ്വാമിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണം. ഇതിനുള്ള ഉറപ്പായി കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടാലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. പക്ഷെ വിവേക് രാമസ്വാമി തട്ടിപ്പുകാരനാണെന്ന് അടുത്തിടെ ട്രംപും അദ്ദേഹത്തിന്റെ ക്യാമ്പും ആരോപിച്ചിരുന്നു.