സംസ്ഥാനത്തെ 53 ആര്‍ ടി ഒ ഓഫീസുകളിൽ വിജിലന്‍സ് പരിശോധന; ഗൂഗിള്‍ പേ വഴിയും കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തൽ

single-img
3 September 2022

സംസ്ഥാന വ്യാപകമായി 53 ആര്‍ ടി ഒ – ജെ ആര്‍ ടി ഒ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടത്തി. ഉദ്യോഗസ്ഥർ കൈക്കൂലി വളരെ ആധുനികമായ യു പി ഐ ഇടപാടുകളിലൂടെ വ്യാപകമായി വാങ്ങുന്നതായും വിജിസലന്‍സ് കണ്ടെത്തി .

കോട്ടയം ആര്‍ ടി ഓഫീസില്‍ നടന്ന പരിശോധനയിൽ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ നല്‍കിയതായും, അടിമാലി ആര്‍ ടി ഓഫീസില്‍ ഗൂഗിള്‍ പേ വഴി 97000 പലപ്പോഴായി ഏജന്റുമാര്‍ നല്‍കിയിട്ടുള്ളതായും ചങ്ങനാശ്ശേരി ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന് ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേ വഴി 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആര്‍ ടി ഓഫിസിലെ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഗൂഗിള്‍ പേ അക്കൌണ്ടിലേയ്ക്ക് വിവിധ ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാരില്‍ നിന്നും 15,790 രൂപ നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തിയത് .

സംസ്ഥാനത്തെ ഏജന്റുമാര്‍ മുഖേന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് വെള്ളിയാഴ്ച പരിശോധന നടത്തിയത്.ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകള്‍ എല്ലാം വരും ദിവസങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.