കെഎസ്ആർടിസി അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്നു; നിലയ്ക്കൽ – പമ്പാ റൂട്ടിൽ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ വിഎച്ച്പി

single-img
22 November 2022

ശബരിമല സീസൺ ആരംഭിച്ചതോടെ അയ്യപ്പ ഭക്തർക്കായി നിലയ്ക്കൽ – പമ്പാ റൂട്ടിൽ സൗജന്യ വാഹന സൗകര്യം ഒരുക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. നിലവിൽ ഭക്തൻമാരിൽ നിന്ന് കെഎസ്ആർടിസി അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുകയാണെന്നും അതിനുള്ള പരിഹാരമായാണ് വാഹനം ഒരുക്കുന്നതെന്നും വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു.

സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തൻമാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരികെയും കൊണ്ടുവരാൻ ഇരുപത് വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം പത്തനംതിട്ട ജില്ലാ കളക്ടർക്ക് ഇന്ന് കത്ത് നൽകി.

സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ വിജി തമ്പിയുടെ നേതൃത്വത്തിലാണ് കളക്ടർ ഡോ. ദിവ്യാ എസ്. അയ്യർക്ക് നിവേദനം നൽകിയത്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ അനുവാദം നൽകിയാൽ ഉടൻ തന്നെ ഇരുപത് ടെമ്പോ ട്രാവലറുകൾ സൗജന്യ യാത്രാ പദ്ധതിക്കായി നിരത്തിലിറക്കുമെന്നും വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചു. തങ്ങൾ ഇതേ ആവശ്യവുമായി ദേവസ്വം ബോർഡിനും ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും നിവേദനം നൽകുന്നുമെന്നും ഭാരവാഹികൾ അറിയിച്ചു.