വി ഡി സതീശന്‍ പറയുന്ന വിചാരധാര ഗോള്‍വാര്‍ക്കറുടേതാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
2 August 2023

ഗണപതി രൂപപ്പെട്ടത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

ഗണപതി ക്ഷേത്രത്തിൽ വഴിപാട് നല്ല കാര്യമാണ്. പക്ഷെ അത് രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത് ശരിയല്ല. ഗണപതിയെ മിത്തായി അവതരിപ്പിക്കാം. എന്നാല്‍ ഇത് ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണ്എന്നും വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറരുതെന്നും അദ്ദേഹം പറഞ്ഞു.

പരശുരാമന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളം ബ്രാഹ്‌മണരെ ഏല്‍പ്പിച്ചു എന്നാണ് പ്രചാരണം. അതൊരു ഐതിഹ്യമാണ്. ഈ കാര്യം തെറ്റാണെന്ന് പറഞ്ഞ് ചട്ടമ്പിസ്വാമികള്‍ പുസ്തകം എഴുതി. വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറരുത്. കോണ്‍ഗ്രസിന് വേണ്ടി ബിജെപി പറയുന്നു, ബി ജെ പിക്ക് വേണ്ടി കോണ്‍ഗ്രസ് പറയുന്നു എന്നതാണ് അവസ്ഥ.

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്ന വിചാരധാര ഗോള്‍വാര്‍ക്കറുടേതാണ്. സയന്‍സിനെ സയന്‍സായും മിത്തിനെ മിത്തായും കാണണം. തെറ്റായ പ്രവണതകളെ വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേർത്തു.