ജേഷ്ഠാനുജ ബന്ധമാണ് കെ സുധാകരും താനും തമ്മിലുള്ളതെന്ന് വിഡി സതീശൻ

single-img
24 February 2024

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തനിക്കെതിരെ കുപിതനായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി . വാർത്താ സമ്മേളനത്തിൽ എത്താൻ വൈകിയതിന്റെ പേരിലായിരുന്നു ഇത്. മാധ്യമങ്ങൾക്ക് വേണ്ടിയാണ് കെ സുധാകരൻ സംസാരിച്ചതെന്നും കാത്തിരുന്ന് കാണാതിരുന്നാൽ ആർക്കും അസ്വസ്ഥത ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.

ഇതോടൊപ്പം തന്നെ , ജേഷ്ഠാനുജ ബന്ധമാണ് കെ സുധാകരും താനും തമ്മിലുള്ളതെന്ന് പറഞ്ഞ സതീശൻ, ഇപ്പോഴുണ്ടായ സംഭവം വലിയ വാർത്തയാക്കാനുള്ള ഒന്നും ഉണ്ടായില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ കെപിസിസിയുടെ സമരാഗ്‌നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളന വേദിയിലാണ് വിവാദ പ്രയോഗമുണ്ടായത്. രാവിലെ പത്തിനായിരുന്നു ആലപ്പുഴയിൽ വാർത്താസമ്മേളനം വിളിച്ചത്.

കൃത്യം 10.28 ന് കെ സുധാകരൻ എത്തിയെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തിയില്ല. ഈ സമയം സുധാകരൻ സമീപത്തുണ്ടായിരുന്ന ഡി സി സി അധ്യക്ഷൻ ബാബു പ്രസാദിനോട് വിളിച്ചു നോക്കാൻ പറഞ്ഞു. പിന്നെയും 20 മിനിറ്റ് കഴിഞ്ഞതോടെ സുധാകരൻ അസഭ്യ വാക്ക് ഉപയോഗിക്കുകയായിരുന്നു . ഉടൻതന്നെ ഷാനിമോളും ബാബു പ്രസാദും ഇടപെട്ട് പ്രസിഡന്റിനെ തടഞ്ഞു. അതിനുശേഷം വാർത്ത സമ്മേളനം നടത്തി ഇരുവരും മറ്റൊരു പരിപാടിയിലേക്ക് പോയി.