സംസ്ഥാനത്തെ റോഡുകളിലെ എല്ലാ നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടി: മുഖ്യമന്ത്രി

single-img
19 November 2022

സംസ്ഥാനത്തെ എല്ലാ നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. അമിത വേഗം, ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പോലീസ് ക്യാമറകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്.

പ്രവർത്തിക്കാത്തവ ഉടൻതന്നെ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവര്‍ത്തനക്ഷമമല്ലാത്ത ക്യാമറകള്‍ മാറ്റി ഏറ്റവും ആധുനികമായവ വെക്കും. പ്രധാനപ്പെട്ട റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ ആസൂത്രണ ഘട്ടത്തില്‍ത്തന്നെ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതിയും ഉറപ്പാക്കണം. നിശ്ചയിക്കപ്പെട്ട എണ്ണത്തിന് മുകളില്‍ ഉപഭോക്താക്കള്‍ എത്തുന്ന എല്ലാ സ്ഥാപനങ്ങളും സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കണം.

അതേപോലെ തന്നെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ചുരുങ്ങിയത് ഒരു മാസം സംഭരണ ശേഷിയുള്ള സിസിടിവി സ്ഥാപിക്കണം. ഇതിന് ആവശ്യമായ രീതിയില്‍ പഞ്ചായത്ത്, മുനിസിപ്പല്‍, പോലീസ് ആക്ടുകളില്‍ ഭേദഗതി വരുത്തും. എംപി, എംഎല്‍എ പ്രാദേശിക വികസനഫണ്ടുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ട് എന്നിവ ഉപയോഗിച്ച് ക്യാമറകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കും.

ഇതോടൊപ്പം തന്നെ വീടുകളിലും പൊതു സ്ഥലങ്ങളിലും വെക്കുന്ന സിസി ടിവികളില്‍ നിന്നുള്ള ഫൂട്ടേജുകള്‍ ആവശ്യം വന്നാല്‍ പൊലീസിന് നല്‍കാനുള്ള സന്നദ്ധത വളര്‍ത്താനായി ബോധവല്‍ക്കരണം നടത്തും. പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകളിലെയും നാറ്റ്പാക്കിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.