പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

single-img
10 August 2023

ഇനിമുതൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് യോഗിയുടെ യുപി സര്‍ക്കാര്‍. നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ വ്യാപകമായി കര്‍ഷകര്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നതിന്റെ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം.

ദേശീയ ദുരന്ത പട്ടികയിലും സംസ്ഥാനം പാമ്പുകടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള മരണങ്ങളില്‍ 97 ശതമാനവും ഗ്രാമങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് പാമ്പുകടിയേറ്റ് മരിച്ചത്. വയലില്‍ പണിയെടുക്കുന്നവരില്‍ ഏറെയും പുരുഷന്മാരാണ്. ഇതാണ് പുരുഷന്മാരുടെ മരണനിരക്ക് ഉയരാന്‍ കാരണം.

2020-21 വര്‍ഷത്തില്‍ 27 മരണങ്ങളും 2022-22 ല്‍ 85 മരണങ്ങളും 2022-23 വര്‍ഷത്തില്‍ 65 മരണങ്ങളും 23-24 വര്‍ഷത്തിന്റെ തുടക്കത്തില്‍ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കണക്കുകളുടെ കൂടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം.

അതേസമയം, നഷ്ടപരിഹാരം ലഭിക്കുന്നതിന് ഇരയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് ഏറ്റവും പ്രധാനം. അതിന്റെ അടിസ്ഥാനത്തിലാണ് ഇരയുടെ കുടുംബത്തിന് സഹായധനം ലഭിക്കുന്നത്.ഈ സാഹചര്യത്തില്‍ പാമ്പുകടിയേറ്റു ആരെങ്കിലും മരിച്ചാല്‍ ഉടന്‍ തന്നെ ബന്ധുക്കള്‍ ഇരയുടെ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ലഖ്നൗ സിഎംഒ മനോജ് അഗര്‍വാള്‍ അറിയിച്ചിട്ടുണ്ട്.

സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാര തുക ലഭിക്കുന്നതിന് കുടുംബാംഗങ്ങള്‍ രണ്ട് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി. ബാക്കി മുഴുവന്‍ നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളും.പാമ്പുകടിയേറ്റ് ആരെങ്കിലും മരിച്ചാല്‍ ഉടന്‍ തന്നെ ബന്ധുക്കള്‍ ലേഖ്പാലിനെ അറിയിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

പിന്നാലെ , ഇരയെ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി അതിന്റെ റിപ്പോര്‍ട്ട് ലേഖ്പാലിന് നല്‍കുക. തുടര്‍ന്ന് പാമ്പുകടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിക്കുന്ന ഈ റിപ്പോര്‍ട്ട് ജില്ലാ മജിസ്ട്രേറ്റിന് ലഭിക്കും. ഈ റിപ്പോര്‍ട്ട് ജില്ലാ മജിസ്ട്രേറ്റിന് കൈമാറിയ ശേഷം അക്കൗണ്ടന്റ് സംഭവസ്ഥലത്തെത്തി ഇരയുടെ കുടുംബത്തിന്റെ അക്കൗണ്ട് നമ്പര്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ശേഖരിക്കും.എസ്ഡിഎമ്മില്‍ നിന്ന് അനുമതി ലഭിച്ച ശേഷം ജില്ലയിലെ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നാല് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് അയക്കും.