കാലടി സർവകലാശാലയിലെ വിദ്യാർഥി സസ്പെൻഷൻ: വിസി സിസ തോമസിനെതിരെ തോമസ് ഐസക്

single-img
24 November 2026

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരായ പുതിയ നീക്കത്തിൽ വൈസ് ചാൻസലർ സിസ തോമസിനെ വിമർശിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ഡോ. ടി.എം. തോമസ് ഐസക്. വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയ നടപടിയെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

സുപ്രീംകോടതിയിലും ഹൈക്കോടതി സിംഗിൾ ബെഞ്ചിലും തിരിച്ചടി നേരിട്ടിട്ടും വീണ്ടും അപ്പീലുമായി പോകുന്നത് പ്രതികാര മനോഭാവത്തിന്റെ ഭാഗമാണെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. വിദ്യാർഥികൾക്കെതിരായ അച്ചടക്കനടപടികൾ തെളിവുകളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലല്ലെന്ന് കോടതിയുടെ കണ്ടെത്തലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവകലാശാലയുടെ സ്വയംഭരണാവകാശം ഉയർത്തിക്കാട്ടി വീഴ്ചകൾ മറച്ചുവയ്ക്കാനാണ് ശ്രമമെന്നും വിദ്യാർഥികളെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സർവകലാശാലകളെ സംഘപരിവാർ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും തോമസ് ഐസക് ആരോപിച്ചു. കോൺഗ്രസ് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റിന്റെ പിന്തുണയോടെ സിസ തോമസ് ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുകയാണോയെന്നും മുസ്ലിം ലീഗിന്റെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.