ഇന്ത്യയിൽ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനമില്ല: പ്രധാനമന്ത്രി

single-img
23 June 2023

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നില്ലെല്ലെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. എല്ലാ വിശ്വാസങ്ങളുടേയും നാടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനമില്ല. ഇതുപോലെയുള്ള ചോദ്യങ്ങള്‍ക്ക് തന്നെ പ്രസക്തിയില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. വൈറ്റ് ഹൗസില്‍ സംയുക്ത പ്രസ്താവനയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മോദി.

ഇന്ത്യയിലുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്നതായിരുന്നു ചോദ്യം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ജനാധിപത്യത്തില്‍ വിവേചനത്തിന് സ്ഥാനമില്ലെന്നും മോദി മറുപടി നല്‍കി. ജനാധിപത്യം ഡിഎന്‍എയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

”ജനാധിപത്യം നമ്മുടെ ആത്മാവാണ്, നമ്മള്‍ അതില്‍ ജീവിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ അത് ഭരണഘടനയുടെ രൂപത്തില്‍ കുറിച്ചുവച്ചിട്ടുണ്ട്. ജനാധിപത്യം ഉറപ്പുവരുത്താന്‍ കഴിയുമെന്ന് നമ്മുടെ ഗവണ്‍മെന്റും തെളിയിച്ചിട്ടുള്ളതാണ്. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഒരു വിവേചനത്തിനും ജനാധിപത്യത്തില്‍ സ്ഥാനമില്ല” – മോദി പറഞ്ഞു.

”മനുഷ്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കില്‍ അത് ജനാധിപത്യമല്ല…നിങ്ങള്‍ ജനാധിപത്യത്തില്‍ ജീവിക്കുമ്പോള്‍, വിവേചനത്തിന്റെ സംശയമോ സാധ്യതയോ ഇല്ല…ഇന്ത്യയില്‍ എല്ലാവര്‍ക്കും ഒരുപോലെയാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതി കൊണ്ട് എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനമുണ്ട്. ഇന്ത്യ സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയില്‍ വിശ്വസിക്കുകയും അതിനൊപ്പം മുന്നോട്ട് പോവുകയും ചെയ്യുന്നതും അതുകൊണ്ടാണ്” – പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.