ലോൺ തിരിച്ചു പിടിക്കാനെത്തിയ റിക്കവറി ഏജന്റ് ട്രാക്ടര്‍ കയറ്റി ഗർഭിണിയായ യുവതിയെ കൊന്നു

single-img
17 September 2022

ഹസാരിബാഗ്: ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ ഫിനാന്‍സ് കമ്ബനിയുടെ റിക്കവറി ഏജന്റ് ട്രാക്ടര്‍ കയറ്റി യുവതിയെ കൊന്നു.

ഗര്‍ഭിണിയായ യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇച്ചാക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭിന്നശേഷിക്കാരനായ കര്‍ഷകന്റെ മകളാണ് ഇരയായ യുവതി. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ട്രാക്ടര്‍ വീണ്ടെടുക്കാന്‍ കര്‍ഷകന്റെ വീട്ടിലെത്തിയ ഫിനാന്‍സ് കമ്ബനി ഉദ്യോഗസ്ഥനും കര്‍ഷകനും തമ്മില്‍ തര്‍ക്കമുണ്ടായതായി ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് രത്തന്‍ ചോത്തെ എ.എന്‍.ഐയോട് പറഞ്ഞു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകള്‍ ട്രാക്ടര്‍ ചക്രത്തിനടിയില്‍ പെട്ടു. സ്വകാര്യ ഫിനാന്‍സ് കമ്ബനിയുടെ റിക്കവറി ഏജന്റും മാനേജരും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി ഡി.എസ്.പി പറഞ്ഞു. തങ്ങളെ അറിയിക്കാതെയാണ് മഹീന്ദ്ര ഫിനാന്‍സ് കമ്ബനി അധികൃതര്‍ വീട്ടിലെത്തിയത്.

“അവള്‍ ട്രാക്ടറിന് മുന്നില്‍ വന്നു തടസംനിന്നു. തര്‍ക്കം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവര്‍ അവളെ ചതച്ചു കൊന്നു. പിന്നീട് അവളെ ആശുപത്രിയില്‍ എത്തിച്ചു” -അദ്ദേഹം പറഞ്ഞു. ട്രാക്ടര്‍ വീണ്ടെടുക്കുന്നതിനായി കര്‍ഷക​ന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്ബ് ഫിനാന്‍സ് കമ്ബനിയുടെ ഉദ്യോഗസ്ഥര്‍ ലോക്കല്‍ ​പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നില്ലെന്ന് ഹസാരിബാഗിലെ ലോക്കല്‍ പൊലീസ് എ.എന്‍.ഐയോട് പറഞ്ഞു. എല്ലാ വശങ്ങളും കമ്ബനി അന്വേഷിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അനീഷ് ഷാ വെള്ളിയാഴ്ച പറഞ്ഞു. “ഹസാരിബാഗ് സംഭവത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖവും അസ്വസ്ഥതയും ഉണ്ട്. ഒരു മനുഷ്യ ദുരന്തം സംഭവിച്ചു. നിലവിലുള്ള മൂന്നാം കക്ഷി കലക്ഷന്‍ ഏജന്‍സികളെ ഉപയോഗിക്കുന്ന രീതി ഞങ്ങള്‍ പരിശോധിക്കും” -ഷാ പ്രസ്താവനയില്‍ പറഞ്ഞു