അതിവേഗ ട്രെയിൻ’ പേര് മാറ്റം മാത്രം; നിലപാട് മാറ്റം യുഡിഎഫിന്റെ ഇരട്ടത്താപ്പെന്ന് തോമസ് ഐസക്
27 January 2026

കെ-റെയിലിന് പകരം ‘അതിവേഗ ട്രെയിൻ’ എന്ന പേരിൽ പുതിയ പദ്ധതി അവതരിപ്പിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. രണ്ട് പദ്ധതികളും ഏകദേശം ഒരേ വേഗതയും സവിശേഷതകളുമാണെന്ന് അദ്ദേഹം പറഞ്ഞു. കെ-റെയിലിനെ എതിർത്ത യുഡിഎഫ്, ഇ. ശ്രീധരന്റെ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും ഐസക് വിമർശിച്ചു.
കെ-റെയിലിന് ലിഡാർ സർവെയും ഡിപിആറും ഉണ്ടായിരുന്നുവെങ്കിലും പുതിയ നിർദ്ദേശത്തിന് ഇപ്പോൾ ഡിപിആർ പോലും ഇല്ലെന്നും, കൂടുതൽ എലവേറ്റഡ് പാത മൂലം ചെലവ് ഇരട്ടിയിലധികമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും, കേരളത്തിന്റെ പദ്ധതിയെ തകർക്കാൻ ശ്രമിച്ചവർ കേന്ദ്ര നിയന്ത്രണത്തിലുള്ള പദ്ധതിയെ സ്വാഗതം ചെയ്യുന്നത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്നും ഐസക് കൂട്ടിച്ചേർത്തു.


