പാലക്കാട് മികച്ച സ്ഥാനാർഥി കോൺഗ്രസിന് ഉണ്ടാകും; ബിജെപി പാലക്കാട് വിജയിക്കില്ല: ഷാഫി പറമ്പിൽ

എംപിമാർ മത്സരിക്കേണ്ടെന്നു പാർട്ടി തീരുമാനിച്ചാൽ അത് എല്ലാവർക്കും ബാധകമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. പാലക്കാട് മികച്ച സ്ഥാനാർഥിയുണ്ടാകുമെന്നും ബിജെപി അവിടെ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണയം പാർട്ടിയുടെ ആഭ്യന്തര ചർച്ചകളിലാണെന്നും അടുത്തുതന്നെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.
അമൃതഭാരത ട്രെയിനുകൾക്ക് മലബാർ മേഖലയിൽ സ്റ്റോപ്പുകൾ കുറച്ചത് വലിയ നിരാശയുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. വടകര റെയിൽവേ സ്റ്റേഷൻ നവീകരിച്ചിട്ടും സ്റ്റോപ്പ് അനുവദിക്കാത്തത് അംഗീകരിക്കാനാകില്ല. ഇതുസംബന്ധിച്ച് നാളെ റെയിൽവേ മന്ത്രിയെ നേരിൽ കാണുകയും വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുമെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.
ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ട കേസ് സാങ്കേതിക കാരണങ്ങളാൽ നടപടികൾ നീണ്ടുപോയതാണെന്നും, പിഴയടച്ച് അവസാനിപ്പിക്കാവുന്ന ചെറിയ കേസായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷാ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോടാണ് ഷാഫി പറമ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്.


