കിറ്റെക്‌സിനെതിരെ ഇഡി നോട്ടീസ് വന്നിരുന്നു; കണക്കുകൾ സുതാര്യമെന്ന് സാബു എം. ജേക്കബ്

single-img
27 January 2026

കിറ്റെക്‌സ് ഗ്രൂപ്പിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് വന്നിരുന്നുവെന്ന് ഗ്രൂപ്പ് ചെയർമാൻ സാബു എം. ജേക്കബ് സമ്മതിച്ചു. എന്നാൽ കിറ്റെക്‌സിന്റെ എല്ലാ കണക്കുകളും സുതാര്യമാണെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി ഒരു പരാതിയും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കിറ്റെക്‌സ് ഗ്രൂപ്പിനെതിരെ ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായെന്ന വാർത്തകൾ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് സാബു ജേക്കബ് ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ ഇഡി അഞ്ച് വർഷത്തെ ബാലൻസ് ഷീറ്റും കയറ്റുമതി ചെയ്ത ഉത്പന്നങ്ങളുടെ പണം ലഭിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയതായും, എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ് നടത്തിയതെന്നും സാബു ജേക്കബ് വ്യക്തമാക്കി. സാധാരണ നടപടികളുടെ ഭാഗമായാണ് ഇഡി നോട്ടീസ് അയച്ചതെന്നും, വിശദീകരണം നൽകിയതോടെ അന്വേഷണം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇഡി കേസെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഡി ഓഫീസിൽ മാത്രമല്ല, ഇൻകം ടാക്‌സ്, ജിഎസ്ടി ഓഫീസുകളിലും പരിശോധനകൾ നടന്നിട്ടുണ്ടെന്നും, ഒരു സർക്കാരിന്റെയും ആനുകൂല്യം കിറ്റെക്‌സ് കൈപ്പറ്റിയിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു. ഒരു ഡോളറിന്റെ വിദേശ വിനിമയ ചട്ടം പോലും ലംഘിച്ചെന്ന് തെളിയിച്ചാൽ ബിസിനസ് നിർത്താൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.

അതേസമയം, ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് ഇഡി രണ്ട് തവണ നോട്ടീസ് അയച്ചിട്ടും സാബു ജേക്കബ് നേരിട്ട് ഹാജരായില്ലെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ചോദ്യം ചെയ്യലിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ അയച്ചുവെന്ന വിമർശനങ്ങളുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയുടെ എൻഡിഎ പ്രവേശനമെന്ന ആരോപണങ്ങളും രാഷ്ട്രീയ തലത്തിൽ ഉയർന്നത്.