ബേപ്പൂരും കൊല്ലവും വിഴിഞ്ഞത്തിനൊപ്പം: കേരള തുറമുഖ വികസനത്തിന് വലിയ മുന്നേറ്റം

കേരളത്തിന്റെ തുറമുഖ വികസനത്തിൽ നിർണ്ണായകമായ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്ത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ തുറമുഖങ്ങളായി ബേപ്പൂരിനെയും കൊല്ലത്തെയും വികസിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ഏകദേശം 2,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രൂപരേഖ 2025 സെപ്റ്റംബറിൽ തന്നെ തയ്യാറാക്കിയിരുന്നു. പദ്ധതിക്ക് ഇപ്പോൾ ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ നടത്തിയ ചർച്ചകളാണ് വികസന പദ്ധതികൾക്ക് വേഗം നൽകിയത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ പദ്ധതി ഔദ്യോഗികമായി പരിഗണിക്കപ്പെടുമെന്നാണ് സൂചന.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിദേശ കപ്പലുകൾ വിഴിഞ്ഞത്തിനൊപ്പം കൊല്ലം, ബേപ്പൂർ തുറമുഖങ്ങളിലേക്കും എത്തും. ഇതുവഴി സംസ്ഥാനത്തെ പോർട്ട് കണക്റ്റിവിറ്റി വർധിക്കുകയും സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുകയും ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയായതിനാൽ, പദ്ധതി ഉടൻ ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം.


