വയനാട് ദുരന്തം; കോൺഗ്രസ്സും മുസ്ലിം ലീഗും സമാഹരിച്ച തുകയുടെയോ വിനിയോഗത്തിന്റെയോ കണക്കുകൾ സർക്കാരിന് ലഭിച്ചിട്ടില്ല: മുഖ്യമന്ത്രി

single-img
27 January 2026

ചൂരൽമല പ്രകൃതി ദുരന്തത്തിന്റെ പേരിൽ കോൺഗ്രസും മുസ്ലിം ലീഗും സമാഹരിച്ച തുകയുടെയോ, ആ തുക എങ്ങനെ വിനിയോഗിച്ചെന്നതിനെക്കുറിച്ചോ യാതൊരു വിവരവും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ദുരന്തബാധിതർക്കായി നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യം ആർക്കെല്ലാം ലഭിക്കുമെന്ന കാര്യത്തിലും സർക്കാരിന് അറിവില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻപ് ഉണ്ടായിരുന്ന പൊതുധാരണകളിൽ നിന്ന് ചില രാഷ്ട്രീയ പാർട്ടികൾ പിന്നോട്ട് പോയതായും മുഖ്യമന്ത്രി സൂചിപ്പിച്ചു. ദുരന്തബാധിതർക്കായി വീടുകൾ സർക്കാർ നേരിട്ട് നിർമ്മിക്കുമെന്നതായിരുന്നു തുടക്കത്തിലെ ധാരണ. എന്നാൽ പിന്നീട് കോൺഗ്രസും മുസ്ലിം ലീഗും സ്വന്തം നിലയിൽ വീടുകൾ നിർമ്മിക്കുമെന്ന നിലപാടിലേക്ക് മാറുകയായിരുന്നു.

ഈ നിലപാട് മാറ്റം മുൻകരാറുകളുടെ ലംഘനമാണെന്നും, സമാഹരിച്ച ധനസഹായത്തിന്റെ വിശദാംശങ്ങൾ സർക്കാരിന് കൈമാറാത്തത് പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം, മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി നടപ്പാക്കൽ ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറാൻ സർക്കാർ തയ്യാറെടുക്കുന്നു. വീടുകൾ കൈമാറുന്ന ഔദ്യോഗിക തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും.