ബിജെപി ഉപയോഗിക്കുന്ന ‘താമര’ മത ചിഹ്നം; രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ മുസ്ലിം ലീഗ്

single-img
20 March 2023

ഏതെങ്കിലും മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപിക്കെതിരെ മുസ്ലിം ലീഗ്. ബിജെപി ചിഹ്നമായി ഉപയോഗിക്കുന്ന താമര രാജ്യത്തെ ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്ന് മുസ്‌ലിം ലീഗ് ആരോപിക്കുന്നു.

മതങ്ങളുടെ പേരും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന റിട്ട് ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ജസ്റ്റിസ് എംആർ ഷായും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങുന്ന ബെഞ്ചിനോട് ഇക്കാര്യം അറിയിച്ചത്.

താമര എന്നത് ഹിന്ദു, ബുദ്ധ മതവുമായി ബന്ധപ്പെട്ട ചിഹ്നമാണെന്നും ബിജെപിയെയും കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. അതേസമയം കേസിൽ വാദം കേട്ട സുപ്രിം കോടതി നാലാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.

മതത്തിന്റെ പേരിൽ വോട്ടർമാരെ വശീകരിക്കുന്നത് തടയുന്ന നിയമം, 1951. തങ്ങളുടെ പേരിൽ മതം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുള്ള ചിഹ്നവും പേരും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സയ്യിദ് വസീം റിസ്‌വി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മതപരമായ പേരുകളോ ചിഹ്നങ്ങളോ ഉള്ള രാഷ്ട്രീയ പാർട്ടികൾ രജിസ്റ്റർ ചെയ്യില്ലെന്ന് 2005 ൽ കമ്മീഷൻ നയപരമായ തീരുമാനമെടുത്തിരുന്നുവെന്ന് ഇതിന് മറുപടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അതിനുശേഷം പാർട്ടിയുടെ പേരിൽ മതപരമായ അർത്ഥങ്ങളുള്ള ഒരു രാഷ്ട്രീയ പാർട്ടിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. മതപരമായ അർഥമുള്ള രാഷ്ട്രീയ പാർട്ടികൾ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പൈതൃക നാമങ്ങളായി മാറിയിരിക്കുകയാണെന്നും ഈ രാഷ്ട്രീയ പാർട്ടികളുടെ പേരുകൾ നൽകാമോ എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.