ബാബറി മസ്ജിദ്, ഗോധ്ര കലാപ കേസുകൾ; യുപി സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരായ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി


ബാബറി മസ്ജിദ് തകർത്ത കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരായ കോടതിയലക്ഷ്യ കേസുകൾ സുപ്രീംകോടതി ഇന്ന് അവസാനിപ്പിച്ചു. ഇതോടൊപ്പം ഗുജറാത്തിലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട കേസുകളിലും സുപ്രീംകോടതി തീർപ്പ് കൽപിച്ചു.
2019 ൽ പുറപ്പെടുവിച്ച സുപ്രീംകോടതി വിധി അനുസരിച്ച് കോടതിയലക്ഷ്യ കേസുകൾ നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അയോധ്യ കേസിലെ നടപടികൾ അവസാനിപ്പിച്ചത്. ഇതോടൊപ്പം കേസിന്റെ കാലപ്പഴക്കവും കോടതി ചൂണ്ടിക്കാട്ടി.
അനേകം വർഷങ്ങൾ പിന്നിട്ടതോടെ കേസുകൾ അപ്രസക്തമായെന്ന ന്യായം ഉന്നയിച്ചാണ് 2002ലെ ഗോധ്ര കലാപത്തെ തുടർന്നുണ്ടായ വർഗീയ കലാപ കേസുകളിലെ എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചത്. കോടതി പുറപ്പെടുവിച്ച നിർദേശപ്രകാരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) എടുത്ത 9ൽ എട്ട് കേസുകളിലും വിചാരണ പൂർത്തിയായതും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.