മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മാത്രം മൈക്ക് തകരാറിലായതില്‍ അസ്വാഭാവികത; മന്ത്രി വിഎൻ വാസവൻ

single-img
26 July 2023

കെപിസിസിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ കേസെടുത്തതില്‍ പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് മനപൂര്‍വം തകരാറിലാക്കിയതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയില്‍ വച്ച് മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ആസൂത്രിതമായ നീക്കമുണ്ടായി. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മാത്രം മൈക്ക് തകരാറിലായതില്‍ അസ്വാഭാവികതയുണ്ട്. അതേപോലെ തന്നെ, കെ സുധാകരന്‍ പ്രസംഗത്തില്‍ ഉപയോഗിച്ചത് ഒരു അനുസ്മരണ യോഗത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചതായി തങ്ങള്‍ പറഞ്ഞതല്ലെന്നും ആളുകള്‍ അത് കണ്ടതാണെന്നും മന്ത്രി പറയുന്നു. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രം സ്വരംമാറ്റി മുദ്രാവാക്യം വിളിക്കുന്ന സ്ഥിതിയുണ്ടാകുന്നു. സാധാരണ അനുശോചന യോഗത്തില്‍ ആരും മുദ്രാവാക്യം വിളിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മാത്രം ഉയരുന്ന മുദ്രാവാക്യങ്ങളുടെ സ്വരം കേട്ടാല്‍ തന്നെ അത് ഏത് രൂപത്തിലുള്ളതാണെന്ന് ബോധ്യമാകുമെന്നും മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മാത്രം എങ്ങനെ മൈക്കിന്റെ തകരാര്‍ വരുന്നുവെന്ന് ശബ്ദം കേട്ടാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പോലും ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹാദരങ്ങള്‍ നിലനിര്‍ത്തി ഒരു അപസ്വരവുമുണ്ടാക്കാതെ സംസാരിച്ച് പൂര്‍ത്തിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും മന്ത്രി വി എന്‍ വാസവന്‍കൂട്ടിച്ചേർത്തു.