ചില കേന്ദ്രങ്ങൾ വോട്ടർമാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിക്കുന്നു: എം വി ഗോവിന്ദൻ മാസ്‌റ്റർ

single-img
25 April 2024

ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്‌ ഇനി ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ ചില കേന്ദ്രങ്ങൾ വോട്ടർമാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്റർ. സമസ്‌ത ഉൾപ്പെടെയുള്ള സാമുദായിക സംഘടനകൾ സ്വതന്ത്രവും നിഷ്‌പക്ഷവുമായ നിലപാട്‌ എടുക്കുമ്പോൾ നേതാക്കളെയും പ്രവർത്തകരെയും അണികളെയും ഭീകരത സൃഷ്‌ടിച്ച്‌ ഭീഷണിപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

ജനാധിപത്യ ഇന്ത്യയിൽ ഓരോ പൗരനും നിഷ്‌പക്ഷമായി ചിന്തിച്ച്‌ വോട്ട്‌ ചെയ്യാൻ അവകാശമുണ്ട്‌. ഈ അവകാശം ഉൾപ്പെടെ സ്വതന്ത്രമായി ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമെല്ലാം ഇന്ന്‌ ഏറ്റവും അനുയോജ്യമായ നാടാണ്‌ കേരളം. ആ കേരളത്തിൽ ജനാധിപത്യപരമായ അവകാശങ്ങൾ രേഖപ്പെടുത്താനും അഭിപ്രായങ്ങൾ തുറന്നുപറയാനും മുന്നോട്ട്‌ വരുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാൻ ശ്രമിക്കുന്നത്‌ അംഗീകരിക്കാനകില്ല.

ഇതുപോലെയുള്ള ഭീഷണികളെ ചെറുത്ത്‌ തോൽപിച്ച നാടാണ്‌ കേരളം. ഇത്തരം ഭീഷണികളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണം. ഈ ഭീഷണികളിലൊന്നും വോട്ടർമാർ വഴങ്ങില്ലെന്ന്‌ തിരിച്ചറിയണമെന്നും ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.