‘സയണിസം അന്ത്യത്തിലെത്തി’; ലിബറൽ ഇസ്രയേലികൾ രാജ്യം വിടണമെന്ന് സാമൂഹിക ശാസ്ത്രജ്ഞൻ

single-img
17 November 2026

സയണിസം അതിന്റെ അന്ത്യത്തിലെത്തിയെന്നും ലിബറൽ ചിന്താഗതിക്കാരായ ഇസ്രയേലികൾ എത്രയും വേഗം രാജ്യം വിടണമെന്നും ആഹ്വാനം ചെയ്ത് ഇസ്രയേലി സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫസർ ഓസ് അൽമോഗ്. ‘എ മിസ്സിങ് കൺട്രി: ഈസ് ഇറ്റ് ടൈം ടു ലീവ് ഇസ്രയേൽ’ എന്ന പുതിയ പുസ്തകത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കുന്നത്. പുസ്തകത്തിന്റെ തലക്കെട്ടിൽ ഉന്നയിക്കുന്ന ചോദ്യത്തിന് ആദ്യ അധ്യായത്തിൽ തന്നെ ‘അതെ’ എന്നാണ് അൽമോഗിന്റെ മറുപടി.

പരമ്പരാഗത സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ഇസ്രയേലിലേക്കുള്ള കുടിയേറ്റത്തെ ‘അലിയ’ (ഉയർച്ച) എന്നും രാജ്യം വിട്ടുപോകുന്നതിനെ ‘യെരിദ’ (പതനം അഥവാ വഞ്ചന) എന്നുമാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ രാജ്യം വിടുന്നത് വഞ്ചനയല്ലെന്നും മൂല്യങ്ങളിലും ധാർമികതയിലും അധിഷ്ഠിതമായ രാഷ്ട്രീയ തീരുമാനമാണെന്നും അൽമോഗ് വാദിക്കുന്നു. ഒരുകാലത്ത് സ്വതന്ത്രവും വിവേകപൂർണവുമായിരുന്ന ഇസ്രയേൽ ഇന്ന് യാഥാർഥ്യത്തിൽ നിലനിൽക്കുന്നില്ലെന്നും ഓർമകളിൽ മാത്രം ശേഷിക്കുന്ന ‘നഷ്ടപ്പെട്ട രാജ്യമായി’ അത് മാറിയെന്നും അദ്ദേഹം പുസ്തകത്തിൽ കുറിക്കുന്നു.

ഇസ്രയേലി സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തിയിരുന്ന അടിസ്ഥാന സാമൂഹിക കരാർ തകർന്നുവെന്നാണ് അൽമോഗിന്റെ വിലയിരുത്തൽ. തീവ്ര യാഥാസ്ഥിതിക ജൂത വിഭാഗങ്ങളുടെ സാമ്പത്തിക-സാമൂഹിക ഒറ്റപ്പെടൽ, സർക്കാർ സഹായങ്ങളെ ആശ്രയിച്ചുള്ള ജീവിതം, സൈനിക സേവനത്തിൽനിന്നുള്ള ഇളവുകൾ എന്നിവ മതേതര-ലിബറൽ വിഭാഗങ്ങൾക്ക് അമിതമായ നികുതി-സൈനിക ബാധ്യത സൃഷ്ടിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിക്കുന്നുണ്ടെങ്കിലും, ഭരണമാറ്റം കൊണ്ടോ അദ്ദേഹത്തെ അധികാരത്തിൽനിന്ന് നീക്കിയതുകൊണ്ടോ മാത്രം ഇസ്രയേലിനെ രക്ഷിക്കാനാകില്ലെന്നാണ് അൽമോഗിന്റെ നിലപാട്. രാജ്യത്തെ മതപരവും തീവ്രദേശീയവുമായ ധ്രുവീകരണം നെതന്യാഹുവിന് മുൻപേ തുടങ്ങിയതാണെന്നും അദ്ദേഹം അതിനെ രാഷ്ട്രീയ ആയുധമാക്കി വളർത്തുകയായിരുന്നുവെന്നും അൽമോഗ് നിരീക്ഷിക്കുന്നു.

2023-ലെ ജുഡീഷ്യൽ പരിഷ്കരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പരാജയവും ഒക്ടോബർ 7-ലെ ആക്രമണവും തുടർന്നുണ്ടായ യുദ്ധവും ഇസ്രയേലി സമൂഹത്തിന്റെ ആന്തരിക ദൗർബല്യങ്ങൾ പുറത്തുകൊണ്ടുവന്നതായും പുസ്തകത്തിൽ പറയുന്നു. ഡോക്ടർമാർ, എൻജിനീയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതിക മേഖലകളിലെ വിദഗ്ധർ തുടങ്ങിയ ഉയർന്ന വിദ്യാഭ്യാസമുള്ളവർ രാജ്യം വിടുന്നത് സമ്പദ്‌വ്യവസ്ഥയുടെയും സമൂഹത്തിന്റെയും ഭാവിക്ക് ഭീഷണിയാകുന്ന പ്രതിഭാപലായനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

മുൻ ഇസ്രയേലി നാവികസേനാ കമാൻഡർ സീവ് അൽമോഗിന്റെ മകനാണ് ഓസ് അൽമോഗ്. പതിറ്റാണ്ടുകളായി ഇസ്രയേലിന്റെ സാമൂഹിക ഘടനയെയും ‘സബ്ര’ സംസ്കാരത്തെയും കുറിച്ച് പഠനം നടത്തിയിട്ടുള്ള അദ്ദേഹം, വിരമിച്ചശേഷം ഗ്രീസിലെ ഏഥൻസിലേക്ക് താമസം മാറുമെന്നും വ്യക്തമാക്കി. സ്വന്തം ഭാഷയും വീടും ഉപേക്ഷിക്കേണ്ടിവരുന്നത് കടുത്ത മാനസിക പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.