സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നവർക്ക് അതിന്റെ സ്വാധീനത്തെയും വ്യാപനത്തെയും കുറിച്ച് ജാ​ഗ്രത വേണം: സുപ്രീം കോടതി

single-img
19 August 2023

സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നവർക്ക് അതിന്റെ സ്വാധീനത്തെയും വ്യാപനത്തെയും കുറിച്ച് ജാ​ഗ്രത വേണമെന്ന് സുപ്രീം കോടതി. തമിഴ്‌നാട്ടിലെ മുൻ എംഎൽഎയും നടനുമായ എസ് വി ശേഖർ സമർപ്പിച്ച ഹർജി തള്ളിയാണ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്.

വനിതാ മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിനാണ് ശേഖറിനെതിരെ കേസ്. ഇദ്ദേഹം ഷെയർ ചെയ്ത പോസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന മുൻ എംഎൽഎ നൽകിയ ഹർജി‌ മദ്രാസ് ഹൈക്കോടതി ജൂലൈ 14ന് തള്ളിയിരുന്നു.

അതിനെതിരായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ബിആർ ഗവായ്, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. സോഷ്യൽ മീഡിയയിൽ ഇടുന്ന സന്ദേശങ്ങൾ വില്ലിൽ നിന്ന് എയ്ത അമ്പ് പോലെയാണ്. സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നവർക്ക് അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച ജാ​ഗ്രത വേണമെന്ന് സുപ്രീം കോടതി പറഞ്ഞു.

മാത്രമല്ല, സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നവർ അതിന്റെ അനന്തരഫലങ്ങൾ നേരിടാനും തയ്യാറായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. 2018ൽ നടന്ന കേസിനാസ്പദമായ പോസ്റ്റ് ഷെയർ ചെയ്യുമ്പോൾ ശേഖർ തന്റെ കണ്ണിൽ മരുന്ന് പുരട്ടിയിരുന്നെന്ന് ശേഖറിന്റെ അഭിഭാഷകൻ വാദിച്ചു. ഉള്ളടക്കം വായിക്കാതെയാണ് പോസ്റ്റ് പങ്കുവെച്ചത്. അപകീർത്തികരമായ പരാമർശങ്ങൾ ഉണ്ടെന്ന് അറിഞ്ഞ് രണ്ട് മണിക്കൂറിനകം ഷെയർ ചെയ്ത പോസ്റ്റ് നീക്കം ചെയ്തെന്നും അഭിഭാഷകൻ പറഞ്ഞു.

ശേഖറിന് ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലെന്നും അത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ശേഖറിന്റെ അഭിഭാഷകൻ നേരത്തെ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.