കർണാടകയിൽ കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടിക; സിദ്ധരാമയ്യയ്ക്ക് സിറ്റിം​ഗ് മണ്ഡലമായ കോലാറിൽ സീറ്റില്ല

single-img
15 April 2023

കർണാടകയിലെ കോൺ​ഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിം​ഗ് മണ്ഡലമായ കോലാറിൽ സീറ്റില്ല. കോൺഗ്രസിന്റെ സംസ്ഥാനത്തെ മൂന്നാം സ്ഥാനാർഥി പട്ടികയും പുറത്തുവന്നപ്പോഴാണ് ഞെട്ടിക്കുന്ന സർപ്രൈസ്. 43 സ്ഥാനാർഥികളെയാണ് മൂന്നാം പട്ടികയിൽ പ്രഖ്യാപിച്ചത്. അതേസമയം, ബിജെപിയിൽ നിന്ന് രാജി വച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയ്ക്ക് അതാനി സീറ്റ് നൽകി.

നിലവിൽ കോത്തൂർ ജി മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാനുള്ള ചരടുവലികൾ നടക്കുന്നുണ്ട്.

നേരത്തെ, തനിക്ക് മത്സരിക്കാൻ സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷെട്ടർ ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നു. ബിജെപിയിലെ പാളയത്തിൽ പട വോട്ടാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സാവഡി അടക്കമുള്ള നേതാക്കളെ തങ്ങൾക്കൊപ്പം നിർത്തി നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനിടെ ഇനി വരുന്ന പ്രഖ്യാപനത്തിൽ വലിയ സർപ്രൈസുകളുണ്ടാകുമെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.