ഗോവയിൽ എസ്ഐആർ പട്ടികയിൽനിന്ന് നീക്കിയ ആറ് പേരുകൾ തിരിച്ചുചേർക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം

single-img
6 November 2026

ഗോവയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനിടെ (എസ്ഐആർ) പേരുകൾ നീക്കം ചെയ്ത ആറ് വോട്ടർമാരെ പട്ടികയിൽ തിരിച്ചുചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു. പത്ത് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. സുപ്രീം കോടതിയെ സമീപിക്കുന്നതിനായി വിധിക്ക് സ്റ്റേ അനുവദിക്കണമെന്ന കമ്മീഷന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസുമാരായ വാൽമീകി മെനെസസും അമിത് ജംസന്ദേക്കറും അടങ്ങിയ ഗോവ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതും വിലാസം പുതുക്കുന്നതിനായി സമർപ്പിച്ച ഫോം എട്ട് അപേക്ഷകൾ നിരസിച്ചതും ചോദ്യം ചെയ്ത് ഒരു കുടുംബത്തിലെ ആറുപേർ നൽകിയ ഹർജികളിലാണ് കോടതി ഇടപെടൽ. വടക്കൻ ഗോവയിലെ സാന്താക്രൂസ് നിയമസഭാ മണ്ഡലത്തിൽ താമസിക്കുന്ന പരേഷ് വസന്ത് സൽഗോങ്കറും കുടുംബത്തിലെ അഞ്ചുപേരുമാണ് കോടതിയെ സമീപിച്ചത്.

എസ്ഐആർ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കുടുംബം അതേ മണ്ഡലത്തിനുള്ളിൽ പുതിയ വിലാസത്തിലേക്ക് താമസം മാറിയിരുന്നു. ബൂത്ത് ലെവൽ ഓഫീസറുടെ നിർദേശപ്രകാരം വിലാസം പുതുക്കാൻ ഫോം എട്ട് അപേക്ഷകൾ സമർപ്പിച്ചെങ്കിലും കരട് വോട്ടർപട്ടികയിൽ ഇവരുടെ പേരുകൾ ഉൾപ്പെട്ടില്ല. അപേക്ഷകൾ നിരസിച്ചതായി ഓട്ടമേറ്റഡ് അറിയിപ്പാണ് കുടുംബത്തിന് ലഭിച്ചത്. തുടർന്ന് ഫോം ആറ് അപേക്ഷകൾ സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു.

എന്നാൽ, ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവർക്കുള്ളതാണ് ഫോം ആറ് എന്നും നിലവിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർ വീണ്ടും അപേക്ഷിക്കേണ്ടിവരുന്നത് തെറ്റായ പ്രഖ്യാപനം നടത്താൻ നിർബന്ധിതരാക്കുന്നതിന് തുല്യമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുടെ വാദം കേൾക്കണമെന്ന് കോടതി വ്യക്തമാക്കി. താമസസ്ഥലം മാറിയെന്ന കാരണത്താൽ ഒരാൾക്ക് വോട്ടവകാശം നഷ്ടപ്പെടരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓട്ടമേറ്റഡ് സംവിധാനത്തെയും കോടതി വിമർശിച്ചു. യോഗ്യരായ പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കുകയാണ് കമ്മീഷന്റെ ഉത്തരവാദിത്തമെന്നും കോടതി ഓർമിപ്പിച്ചു.