മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളി നടേശന് തിരിച്ചടി; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

single-img
6 November 2026

മൈക്രോ ഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാനും നിർദേശിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീനാണ് നിർണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതികൾ സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗമായതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന സർക്കാർ നിലപാടാണ് കോടതി അംഗീകരിച്ചത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികൾ.

കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെ ചോദ്യം ചെയ്ത് ചേർത്തല സ്വദേശി എം.എസ്. അനിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കോടതിയുടെ മേൽനോട്ടത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. 2016ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൈക്രോ ഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ആരംഭിച്ചത്.