‘മദ്യപിച്ച് പാർലമെന്റിലെത്തി’; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ രാഹുൽ ഗാന്ധി

single-img
5 November 2026

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മൻ പാർലമെന്റിൽ മദ്യപിച്ചാണ് എത്തിയിരുന്നതെന്നും സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തോട് അദ്ദേഹത്തിന് എന്ത് പ്രതിബദ്ധതയാണുള്ളതെന്നും രാഹുൽ ചോദിച്ചു. സംഗ്രൂരിൽ നടന്ന ‘ഇൻസാഫ് റാലി’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബിലെ ലഹരിമരുന്ന് വ്യാപനം തടയുന്നതിൽ ആം ആദ്മി പാർട്ടി സർക്കാർ പൂർണമായി പരാജയപ്പെട്ടെന്നും സംസ്ഥാനം ഡൽഹിയിലെ നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ് ഭരിക്കപ്പെടുന്നതെന്നും രാഹുൽ ആരോപിച്ചു. “രാവിലെ 11 മണിയാകുമ്പോഴേക്കും പാർലമെന്റിൽ എനിക്കൊപ്പം ഇരുന്നിരുന്ന ഭഗവന്ത് മന്നിൽനിന്ന് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടിരുന്നു. മദ്യപിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. എന്നാൽ ലഹരിമുക്ത പഞ്ചാബിനായി പോരാടേണ്ട മുഖ്യമന്ത്രി തന്നെ മദ്യലഹരിയിലാണെങ്കിൽ അത് എങ്ങനെ സാധ്യമാകും?” എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

പഞ്ചാബിൽ ലഹരിമരുന്ന് വലിയ ഭീഷണിയായി മാറുമെന്ന് വർഷങ്ങൾക്ക് മുമ്പുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും രാഹുൽ പറഞ്ഞു. എന്നാൽ അന്ന് ബിജെപിയും ശിരോമണി അകാലിദളും മുന്നറിയിപ്പിനെ പരിഹസിച്ച് തള്ളുകയായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഡൽഹിയുടെ ഇടപെടലില്ലാതെ സംസ്ഥാനത്തെ സ്വതന്ത്രമായി ഭരിക്കാൻ മുഖ്യമന്ത്രിക്ക് പൂർണ അധികാരം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.