ഇംപീച്ച്മെന്റ് നീക്കവുമായി മുന്നോട്ടുപോയാൽ ഡെമോക്രാറ്റുകൾ തകരും; മുന്നറിയിപ്പുമായി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ, ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെന്റ് നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്കെതിരെ ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ടുപോയാൽ അത് ഡെമോക്രാറ്റിക് പാർട്ടിയുടെ തകർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ട്രംപ് പറഞ്ഞു. തനിക്കെതിരെ നടപടിയെടുക്കാൻ നിയമപരമായോ മറ്റ് തരത്തിലോ സാഹചര്യമില്ലെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കണ്ട ട്രംപ്, എന്നാൽ രാഷ്ട്രീയ ചർച്ചകളേക്കാൾ വൈറ്റ് ഹൗസിലെ നിർമാണ പ്രവർത്തനങ്ങൾക്കാണ് വാർത്താസമ്മേളനത്തിൽ കൂടുതൽ സമയം നൽകിയത്. വൈറ്റ് ഹൗസിൽ നിർമിക്കുന്ന ബാൾറൂമിന്റെ സ്ഥലത്തുവെച്ച് 41 മിനിറ്റിലേറെ നീണ്ട വാർത്താസമ്മേളനത്തിലാണ് നിർമാണത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പങ്കുവച്ചത്.
ബാൾറൂമിന്റെ സീലിങ് ഉയരം, ഫ്ലോർ പ്ലാൻ, നിർമാണത്തിലെ പ്രത്യേകതകൾ എന്നിവ ട്രംപ് വിശദീകരിച്ചു. സുപ്രീംകോടതിയിലേതിന് സമാനമായ ലൈംസ്റ്റോൺ തൂണുകൾ അടുത്ത ആഴ്ച സ്ഥാപിക്കുമെന്നും ഫിനിഷിങ്ങിനായി ഇറ്റാലിയൻ മാർബിൾ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിൽ ഒരുക്കുന്ന അത്യാധുനിക ബങ്കറിനെക്കുറിച്ചും ട്രംപ് മാധ്യമങ്ങളോട് വിശദീകരിച്ചു.


