മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി. രാജീവ്; അർലേക്കറുടെ അടിമയെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് ആരോപണം

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് പി. രാജീവ്. മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ അടിമയെപ്പോലെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും സംഘി മുഖ്യമന്ത്രിയുടെ ശൈലിയാണ് അദ്ദേഹം പിന്തുടരുന്നതെന്നും പി. രാജീവ് ആരോപിച്ചു. ജനങ്ങളെ കബളിപ്പിക്കുന്ന നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർവകലാശാലയിൽ വഴിതടഞ്ഞതിന്റെ പേരിൽ വിദ്യാർഥികൾക്കെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസ് പിന്നീട് വൈസ് ചാൻസലറെ കൈയേറ്റം ചെയ്തെന്ന കേസാക്കി മാറ്റിയത് ഗവർണറുടെ അനാവശ്യ ഇടപെടൽ മൂലമാണെന്നാണ് പി. രാജീവിന്റെ ആരോപണം. ഗവർണർ നേരിട്ട് ഡി.ജി.പിയെ വിളിച്ച് കേസിൽ മാറ്റം വരുത്തിയത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഭരണഘടനാവിരുദ്ധ നടപടിയോട് മുഖ്യമന്ത്രി കുറ്റകരമായ നിശബ്ദത പാലിക്കുകയായിരുന്നുവെന്നും ഗവർണറുടെ നിർദേശപ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ മാറ്റിയെഴുതിയതെന്നും പി. രാജീവ് ആരോപിച്ചു.
അന്വേഷണം തുടരുന്ന കേസിൽ വിദ്യാർഥികൾ ആക്രമണം നടത്തിയെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭയുടെ ഉപദേശവും ശുപാർശയും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നിരിക്കെ, അർലേക്കറുടെ വാക്കുകൾ വേദവാക്യമായി കാണുന്ന വി.ഡി. സതീശൻ എന്ത് മുഖ്യമന്ത്രിയാണെന്നും പി. രാജീവ് പരിഹസിച്ചു.
ചുരുങ്ങിയ കാലയളവിനുള്ളിൽ സർക്കാർ അഴിമതിയിലേക്കും ബി.ജെ.പി വിധേയത്വത്തിലേക്കും നീങ്ങുകയാണെന്നും എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാമെന്ന മുഖ്യമന്ത്രിയുടെ ധാരണ നടപ്പാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


