അന്തർസംസ്ഥാന സ്വകാര്യ ബസ് യാത്രക്കാരിൽ നിന്നും തായ്ലാൻഡ് കഞ്ചാവ് പിടികൂടി

single-img
5 April 2023

തിരുവനന്തപുരം ജില്ലയിൽ പാറശാലയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ്സിലെ യാത്രക്കാരിൽ നിന്നും പോലീസ് തായ്ലാൻഡ് കഞ്ചാവ് പിടികൂടി. കവടിയാർ സ്വദേശിയായ വരുൺ ബാബു ചുള്ളിമാനൂർ സ്വദേശി വിനിഷ എന്നിവരാണ് പിടിയിലായത്. പാറശ്ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസും ആന്റി നാർക്കോട്ടിക് ടിമും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സിലെ യാത്രക്കാരായിരുന്നു കവടിയാർ സ്വദേശി വരുൺ ബാബുവും ചുള്ളിമാനൂർ സ്വദേശി വിനിഷയും.പരശുവയ്ക്കലിൽ വച്ച് ബസ് തടഞ്ഞു പരിശോധിച്ചപ്പോഴാണ് ഇവരുടെ ബാഗിനുള്ളിൽ ഒളിപ്പിച്ചിരുന്ന തായ്ലൻഡ് കഞ്ചാവ് കണ്ടെടുത്തത്.

ഇവരുടെ കൈവശം ഏകദേശം ഇരുപത് ഗ്രാമോളം തായ്ലൻഡ് കഞ്ചാവാണ് ഉണ്ടായിരുന്നത്.വിപണിയിൽ വലിയ വില വരുന്ന കഞ്ചാവാണിതെന്നു പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.വരുൺ ബാബു മുൻപും ലഹരിക്കടത്തു കേസിലെ പ്രതിയാണ്.വിനിഷയ്ക്കെതിരെയും ക്രിമിനൽ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.