അയോധ്യയിലേതുപോലെ കർണാടകയിലും രാമക്ഷേത്രം നിർമിക്കും: കർണാടക മന്ത്രി അശ്വത് നാരായൺ

single-img
29 December 2022

യുപിയിലെ അയോധ്യയിലേതിന് സമാനമായി കർണാടകയിലും ശ്രീരാമക്ഷേത്രം നിർമിക്കാനുള്ള തീരുമാനം അടുത്ത സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.സി.എൻ.അശ്വത് നാരായൺ പറഞ്ഞു. ബെലഗാവിയിലെ സുവർണ സൗധയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിൽ രാമദേവരബെട്ടയിൽ ക്ഷേത്രം നിർമിക്കാൻ വികസന സമിതി രൂപീകരിക്കണമെന്ന് രാമനഗര ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ നാരായൺ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടിരുന്നു.

രാമനഗര ജില്ലയിലെ രാമദേവരബെട്ടയെ ദക്ഷിണേന്ത്യയിലെ അയോധ്യയായി വികസിപ്പിക്കണമെന്നും പൈതൃകവും വിനോദസഞ്ചാര കേന്ദ്രവുമാക്കണമെന്ന് ബൊമ്മൈ, മുസ്രൈ മന്ത്രി ശശികല ജോളി എന്നിവർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. രാമദേവരബെട്ടയിൽ മുസ്‌രൈ വകുപ്പിന്റെ 19 ഏക്കർ ഭൂമി ഉപയോഗിച്ചാണ് രാമക്ഷേത്രം നിർമിക്കേണ്ടതെന്ന് നാരായണൻ പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ രാമക്ഷേത്രം നിർമിക്കാനുള്ള മന്ത്രിയെ ജനതാദൾ-സെക്കുലർ (ജെഡി-എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി വിമർശിച്ചു.