രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ്: റെക്കോർഡ് പോളിംഗിലേക്ക്

single-img
25 November 2023

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. റെക്കോർഡ് പോളിങ്ങാണ് സാധ്യത. ശനിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പോളിങ് ഉച്ചകഴിഞ്ഞ് മൂന്നോടെ 55.63 ശതമാനം രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചു. തിജാര മണ്ഡലത്തിൽ 69.73 ശതമാനവും ടോങ്ക് മണ്ഡലത്തിൽ 56.83 ശതമാനവും പോളിങ് രേഖപ്പെടുത്തി.

സംസ്ഥാന തലസ്ഥാന നഗരമായ ജയ്പൂരിൽ 55.75 ശതമാനവും ജയ്‌സാൽമീറിൽ 63.48 ശതമാനവും ജലവാറിൽ 60.47 ശതമാനവും ഹനുമാൻഗഡിൽ 61.64 ശതമാനവും ജലോറിൽ 52.23 ശതമാനവും പോളിങ് രേഖപ്പെടുത്തി. വൈകിട്ട് ആറ് മണി വരെ പോളിംഗ് നടക്കുന്നതിനാൽ പോളിങ് ശതമാനം റെക്കോർഡ് നിലവാരത്തിലാകുമെന്നാണ് കരുതുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. 1,02,290 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 69,114 പോലീസ് ഉദ്യോഗസ്ഥരും 32,876 രാജസ്ഥാൻ ഹോം ഗാർഡുകളും ആർഎസി ഉദ്യോഗസ്ഥരും 700 കമ്പനി സിഎപിഎഫും ഡ്യൂട്ടിയിലുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കൂനറിന്റെ മരണത്തെത്തുടർന്ന് കരൺപൂർ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. ഇതോടെ 200 നിയമസഭാ സീറ്റുകളിൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലം പുറത്തുവരും.