ഔദ്യോഗിക വസതി രാഹുൽ ഗാന്ധിക്ക് തിരികെ ലഭിച്ചു

single-img
8 August 2023

അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ട്‌ എംപിസ്ഥാനത്തുനിന്നും അയോഗ്യനായപ്പോൾ പിന്നാലെ നഷ്ടപ്പെട്ട ഔദ്യോഗിക വസതി രാഹുൽ ഗാന്ധിക്ക് തിരികെ കിട്ടി. എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട പിന്നാലെയാണ് ഔദ്യോഗിക വസതിയും തിരികെ ലഭിച്ചത്.

ഇന്ന് ലോക്സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. രാഹുലിന് ഔദ്യോഗിക വസതി തിരികെ നൽകണമെന്ന് കോൺഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഗുജറാത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിന്റെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്ന ഉത്തരവ് ലോക്ശഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്.

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ തുഗ്ലക് ലൈനിലെ വസതി ഒഴിയാനുള്ള നോട്ടീസും പിന്നാലെ നൽകി. 30 ദിവസങ്ങൾക്കുള്ളിൽ വീട് ഒഴിയണമെന്നായിരുന്നു നോട്ടീസ്. വീട് ഒഴിഞ്ഞ രാഹുൽ ഗാന്ധി താമസം സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. അനുകൂല ഉത്തരവിനെ തുടർന്ന് രാഹുൽ ഗാന്ധി ഇന്നലെയാണ് തിരികെ പാർലമെന്റിൽ എത്തിയത്.

അയോഗ്യനാക്കപ്പെട്ട് 137 ദിവസത്തിന് ശേഷമായിരുന്നു ഇത്. ഇന്ന് മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയത്തിൽ അദ്ദേഹം സംസാരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ മോദി സഭയിലുള്ളപ്പോൾ സംസാരിച്ചാൽ മതിയെന്ന നിലപാടാണ് കോൺഗ്രസിന്.