സ്വപ്നങ്ങളിൽ പോലും രാഹുൽ ഗാന്ധിക്ക് സവർക്കറെ പോലെ ആകാൻ കഴിയില്ല: അനുരാഗ് താക്കൂർ

single-img
27 March 2023

സ്വപ്നങ്ങളിൽ പോലും രാഹുൽ ഗാന്ധിക്ക് സവർക്കറെ പോലെ ആകാൻ കഴിയില്ല എന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. സവർക്കറെ പോലെയാകാൻ ശക്തമായ നിശ്ചയദാർഢ്യവും രാജ്യത്തോടുള്ള സ്‌നേഹവും ആവശ്യമാണ്. അതുകൊണ്ടു തന്നെ കോൺഗ്രസ് നേതാവിന് തന്റെ മികച്ച സ്വപ്നങ്ങളിൽ പോലും വീർ സവർക്കറാകാൻ കഴിയില്ല.

“പ്രിയ ശ്രീ ഗാന്ധി, നിങ്ങളുടെ മികച്ച സ്വപ്നങ്ങളിൽ പോലും നിങ്ങൾക്ക് ഒരിക്കലും സവർക്കർ ആകാൻ കഴിയില്ല, കാരണം സവർക്കറാകാൻ ശക്തമായ നിശ്ചയദാർഢ്യവും ഭാരതത്തോടുള്ള സ്നേഹവും നിസ്വാർത്ഥതയും പ്രതിബദ്ധതയും ആവശ്യമാണ്- കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ട്വീറ്റ് ചെയ്തു.

അതേസമയം വിനായക് സവർക്കറെ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി ഉദ്ധവ് താക്കറെയും രംഗത്തുവന്നു. സവർക്കറെ ഇകഴ്ത്തുന്നത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി.

ആൻഡമാൻ സെല്ലുലാർ ജയിലിൽ 14 വർഷം സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനമാണ്. നമുക്ക് കഷ്ടപ്പാടുകൾ വായിക്കാനേ കഴിയൂ. അതൊരു ത്യാഗമാണ്. സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല. വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല- ഉദ്ധവ് താക്കറെ പറഞ്ഞു.