മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അൻവർ
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പിവി അൻവര്‍ എംഎല്‍എ. താൻ മാത്രമല്ല, ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിവി അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോണ്‍ഗ്രസിൽ നിന്നാണ് വന്നത് എന്നുമുള്ള പിണറായി വിജയന്‍റെ ആരോപണത്തിനുള്ള മറുപടിയായാണ് പിവി അൻവറിന്‍റെ മറുപടി.
മുഖ്യമന്ത്രി തന്നെപ്പറ്റി പറഞ്ഞത് ശരിയാണെന്നും തനിക്ക് വെറെ വഴിയില്ലായിരുന്നുവെന്നും പിവി അൻവര്‍ പറഞ്ഞു. ഇഎംഎസ് പഴയ കോണ്‍ഗ്രസുകാരൻ അല്ലേ?. അതുപോലെ താനും പഴയ കോണ്‍ഗ്രസുകാരൻ തന്നെയാണ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എംആര്‍ അജിത് കുമാറിന്‍റെ പ്രസ്താവനയാണ്. മുഖ്യമന്ത്രി പറഞ്ഞത് എഡിജിപിയുടെ അതേ വാദമാണ്.
എന്തുവന്നാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. സിപിഎമ്മിനേയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാൻ താനില്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കിയാലും താൻ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും പിവി അൻവര്‍ എംഎല്‍എ പറഞ്ഞു.
അതേസമയം, എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ പൂർണ്ണമായും തളളിയും എഡിജിപിയെ സംരക്ഷിച്ചുമായിരുന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്.