കാവേരി ജല തർക്കം: ബന്ദിൽ പ്രതിഷേധ പ്രകടനങ്ങൾ തടയാൻ ബെംഗളൂരുവിൽ നിരോധനാജ്ഞ

single-img
25 September 2023

കാവേരി നദീജലം തമിഴ്നാടിനു വിട്ടു നൽകാനുളള കർണാടക സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് വിവിധ കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനെ നേരിടാൻ ബെംഗളൂരു പോലീസ്. ചൊവ്വാഴ്ച രാത്രിമുതൽ ബുധനാഴ്ച രാത്രി വരെ നഗരത്തിൽ പ്രകടനങ്ങളും പ്രതിഷേധ പരിപാടികളും തടഞ്ഞ് പോലീസ് ഉത്തരവിറക്കി.

നാളെ ബന്ദ്‌ നടത്താൻ സംഘടനകൾക്ക് അനുമതി നിഷേധിച്ചതായും പൊതുമുതലിനും പൊതുജനങ്ങൾക്കും നേരെ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ സംഘടനകൾക്കെതിരെ നടപടി എടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷ്ണർ ബി ദയാനന്ദ അറിയിച്ചിട്ടുണ്ട്.

കരുതൽ ഭാഗമായി തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിലും ബെംഗളൂരു നഗരത്തിലും പോലീസ് സുരക്ഷ വർധിപ്പിച്ചു. “സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ബന്ദ്‌ നിയമവിരുദ്ധമാണ്. ബന്ദിൽ നിന്ന് പിന്മാറാൻ സംഘടനകൾക്ക് നോടീസ് നൽകിയിട്ടുണ്ട്. നിയമം അനുസരിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ബെംഗളൂരുവിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ 144 പ്രഖ്യാപിക്കുകയാണ് ” സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് വിശദീകരിച്ചു.