സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിക്കാൻ താത്പര്യമുണ്ടായിരുന്നു പക്ഷെ ; പിന്മാറ്റത്തിൽ വിശദീകരണവുമായി പെൻഗ്വിൻ ഹൗസ്

single-img
28 August 2026

സോണിയ ഗാന്ധിയുടെ ആത്മകഥ ‘Belonging: A Journey of Love’ പ്രസിദ്ധീകരിക്കണമെന്നത് തങ്ങളുടെ താത്പര്യം തന്നെയായിരുന്നുവെന്ന് പെൻഗ്വിൻ റാൻഡം ഹൗസ്. എന്നാൽ എഴുത്തുകാരിയുമായി നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ പുറത്തുവിടാൻ താൽപര്യമില്ലെന്നും പ്രസാധകർ വ്യക്തമാക്കി. പുസ്തകത്തിൽ ചില മാറ്റങ്ങൾ വേണമെന്ന നിലപാടിനെ തുടർന്നാണ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറിയതെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിശദീകരണം.

ഒരു പ്രസാധകർ എന്ന നിലയിൽ പുസ്തകത്തിലെ വസ്തുതകൾ പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. പ്രസാധന രംഗത്തെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണിതെന്നും പ്രസാധകർ വ്യക്തമാക്കി.

പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് തങ്ങൾ പൂർണ സന്നദ്ധരായിരുന്നുവെന്നും, എന്നാൽ രചയിതാവുമായി നടന്ന ചർച്ചകളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു.

നവംബർ 10നായിരുന്നു പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരുന്നത്. ആദ്യ പതിപ്പിൽ ഒരു ലക്ഷം കോപ്പികൾ പുറത്തിറക്കാനായിരുന്നു പ്രസാധകരുടെ പദ്ധതി. ഇറ്റലിയിലെ ഒരു ചെറുഗ്രാമത്തിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉന്നതതലങ്ങളിലേക്ക് സോണിയ ഗാന്ധി നടത്തിയ യാത്രയാണ് ആത്മകഥയുടെ പ്രധാന പ്രമേയം.

1965ൽ കേംബ്രിജിൽ വിദ്യാർഥിനിയായിരിക്കെ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടതും തുടർന്നുള്ള ജീവിതാനുഭവങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിന് ശേഷമുള്ള അനുഭവങ്ങൾ, കുടുംബജീവിതം, പിന്നീട് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം തുടങ്ങിയ കാര്യങ്ങളും ആത്മകഥയിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറിയതോടെ പുസ്തകത്തിന്റെ പ്രസാധനാവകാശത്തിനായി മറ്റ് ഇന്ത്യൻ പ്രസാധകരും രംഗത്തെത്തിയിട്ടുണ്ട്. ഹാർപ്പർകോളിൻസ് ഇന്ത്യയിൽ പുസ്തകം പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനുള്ള കരാർ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.