പ്രവാസികൾക്ക് ഓണം പട്ടിണിയാക്കി സർക്കാർ; മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയിൽ ദുരിതം

single-img
27 August 2026

സംസ്ഥാനത്തെ പ്രവാസികൾക്ക് ഇത്തവണ ഓണം ദുരിതത്തിലാക്കി സർക്കാർ. മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ പൂർണമായി വിതരണം ചെയ്യാൻ 112 കോടി രൂപയോളം ആവശ്യമായിരിക്കെ, 32 കോടി രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്. ഇതോടെ ഒരു ലക്ഷത്തിലധികം പ്രവാസി പെൻഷൻ ഗുണഭോക്താക്കളാണ് പെൻഷൻ ലഭിക്കാതെ പ്രതിസന്ധിയിലായത്.

പ്രവാസി കേരളീയ ക്ഷേമനിധി ബോർഡ് വഴി വിതരണം ചെയ്യുന്ന പെൻഷനാണ് കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്നത്. കുടിശ്ശിക മുഴുവൻ തീർക്കാൻ ഏകദേശം 112 കോടി രൂപ ആവശ്യമാണ്. എന്നാൽ സർക്കാർ അനുവദിച്ചത് ഇതിന്റെ ചെറിയൊരു ഭാഗം മാത്രമായ 32 കോടി രൂപയാണ്.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ജോലി ചെയ്ത് ജീവിതത്തിന്റെ നല്ല കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാനാകാതെ കഴിയുന്ന പ്രവാസികളോടുള്ള അവഗണനയാണ് സർക്കാർ നിലപാടിലൂടെ വ്യക്തമാകുന്നതെന്നാണ് വിമർശനം. ഓണക്കാലത്ത് അർഹമായ പെൻഷൻ പോലും ലഭിക്കാതെ പ്രവാസികൾ ബുദ്ധിമുട്ടുമ്പോഴും സർക്കാർ ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും ആരോപണമുണ്ട്.

2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ഫിക്സഡ് ഡെപ്പോസിറ്റും ബാങ്ക് ബാലൻസുമായി 49.51 കോടിയിലധികം രൂപ പ്രവാസി കേരളീയ ക്ഷേമനിധി ബോർഡിന്റെ കൈവശമുണ്ട്. എന്നാൽ ഈ തുക ഉപയോഗിച്ച് പെൻഷൻ കുടിശ്ശിക തീർക്കാൻ സർക്കാർ ആവശ്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം.

അതേസമയം, പ്രവാസി കേരളീയ ക്ഷേമനിധി ബോർഡിന് പുതിയ ഭരണസമിതി രൂപീകരിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. നിലവിൽ മാസം 3,000 രൂപ മുതൽ 7,000 രൂപ വരെയാണ് പെൻഷൻ ലഭിക്കുന്നത്. ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ ഏകദേശം 35 കോടി രൂപ ആവശ്യമാണ്. ഈ തുകയ്ക്ക് പുറമെ ആവശ്യമായ അധിക തുക സർക്കാർ അനുവദിക്കുന്നതായിരുന്നു പതിവ്.

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലും പ്രവാസി ക്ഷേമനിധി ബോർഡിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന വിമർശനം ഉയർന്നിരുന്നു. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കേരള പ്രവാസി സംഘം ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പ്രശ്നപരിഹാരത്തിന് സർക്കാർ കാര്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.

ഓണത്തിന് മുമ്പെങ്കിലും കുടിശ്ശികയായ മുഴുവൻ പെൻഷൻ തുകയും വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സർക്കാർ അനുവദിച്ച തുക സംബന്ധിച്ച വിവാദവും ഉയരുന്നത്.