കെഎസ്ആർടിസി വോൾവോ സർവീസിന് വൻ സ്വീകാര്യത; എറണാകുളം–തിരുവനന്തപുരം യാത്രയ്ക്ക് 671 രൂപ

ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും പ്രീമിയം നിലവാരത്തിലുള്ളതുമായ യാത്രാനുഭവം ഒരുക്കുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച വോൾവോ സർവീസിന് വൻ സ്വീകാര്യത. എറണാകുളം–തിരുവനന്തപുരം റൂട്ടിൽ ഇരുവശത്തേക്കുമുള്ള സർവീസിന് മികച്ച ഡിമാൻഡാണ് ലഭിക്കുന്നത്. 671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസ്.
യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി നിരവധി പ്രത്യേക സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിട്ടുള്ളത്. വിമാനത്തിലെ എയർ ഹോസ്റ്റസിന്റെ മാതൃകയിൽ യാത്രക്കാരുടെ സഹായത്തിനായി ബസ് ഹോസ്റ്റസും സർവീസിലുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനും സംശയങ്ങൾക്ക് പരിഹാരം കാണാനും ഇവരുടെ സേവനം ലഭിക്കും. ഡ്രൈവർ കം കണ്ടക്ടർമാർക്ക് ഇതിനായി പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.
യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി വിശാലമായ 2×2 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. ഓരോ സീറ്റിലും വിനോദത്തിനായി പ്രത്യേക എന്റർടെയ്ൻമെന്റ് സംവിധാനവുമുണ്ട്. മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഉൾപ്പെടുന്ന പാൻട്രി സംവിധാനവും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഓൺബോർഡ് ടോയ്‌ലറ്റ്, സൗജന്യ വൈഫൈ, മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി പോർട്ടുകൾ തുടങ്ങിയ സൗകര്യങ്ങളും യാത്രക്കാർക്ക് ലഭിക്കും.
രാവിലെ 5.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി, ഹൈക്കോടതി എന്നിവിടങ്ങളിലൂടെ രാവിലെ 9.45ന് എറണാകുളത്ത് എത്തും. വൈകീട്ട് 5.30ന് എറണാകുളത്ത് നിന്ന് തിരിക്കുന്ന സർവീസ് രാത്രി 9.45ന് തിരുവനന്തപുരത്ത് എത്തും.


