‘തൃശൂരിൽ എയിംസ് വാഗ്ദാനം ചെയ്തിട്ടില്ല’; വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ ഒരിടത്തും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് വിഷയത്തിൽ തനിക്കെതിരെ ഉയരുന്ന രാഷ്ട്രീയ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
തൃശൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവന്നത് തെരഞ്ഞെടുപ്പിന് ശേഷമാണെന്നും, എന്നാൽ തൃശൂരിന് എയിംസ് ലഭിക്കാൻ പൂർണ അർഹതയുണ്ടെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എയിംസുമായി ബന്ധപ്പെട്ട് താൻ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും തന്റെ പഴയ പ്രസംഗങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിന് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തെ താൻ പൂർണമായി പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ ലഭ്യമാക്കാൻ തയ്യാറായാൽ മാത്രമേ തൃശൂരിൽ എയിംസ് യാഥാർഥ്യമാകൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എയിംസ് സ്ഥാപിക്കുന്നതിന് വലിയ വിസ്തൃതിയിലുള്ള ഭൂമി ആവശ്യമാണ്. മാടക്കത്തറ പഞ്ചായത്തിൽ ഏകദേശം 400 ഏക്കർ ഭൂമി ലഭ്യമാണെന്നും മണ്ണുത്തിയിലും കേരള പൊലീസ് അക്കാദമിക്ക് സമീപവും അനുയോജ്യമായ ഭൂമിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമി അനുവദിക്കുന്ന കാര്യത്തിൽ മുൻ സർക്കാർ വലിയ വിമുഖതയാണ് കാണിച്ചതെന്നും, ഇപ്പോഴത്തെ സർക്കാർ ആ നിലപാട് തുടരരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
തൃശൂരിലേക്ക് എയിംസ് കൊണ്ടുവരുന്നതിനായി നഗരസഭാ മേയറും ജില്ലയിലെ ഏഴ് എംഎൽഎമാരും താനും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പദ്ധതിക്കായി കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ജനപ്രതിനിധികൾ നൽകിയ വാഗ്ദാനങ്ങളുടെ കണക്കെടുപ്പാണ് നടത്തുന്നതെങ്കിൽ, കഴിഞ്ഞ 25 വർഷമായി തൃശൂരിനെ പ്രതിനിധീകരിച്ച മുൻ എംപിമാരുടെ പ്രവർത്തനങ്ങളും ഓഡിറ്റിംഗിന് വിധേയമാക്കേണ്ടിവരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ പ്രവർത്തനങ്ങളെ മാത്രം മുൻനിർത്തിയുള്ള വിമർശനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


