ലോകകപ്പ്: സ്റ്റേഡിയങ്ങളിലെ ബിയർ വിൽപന ഖത്തർ നിരോധിച്ചു

single-img
18 November 2022

ഉദ്ഘാടന മത്സരത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ആൾക്കഹോളിക്‌ ബിയർ വിൽപന ഖത്തർ നിരോധിച്ചു. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ബിഡ് ആരംഭിച്ചപ്പോൾ, സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കുന്നതിനുള്ള ഫിഫയുടെ ആവശ്യം അംഗീകരിച്ചിരുന്നു.

എന്നാൽ എട്ട് സ്റ്റേഡിയങ്ങളിൽ നോൺ-ആൽക്കഹോളിക് ബിയർ ഇപ്പോഴും വിൽക്കുമെന്നും ഷാംപെയ്ൻ, വൈൻ, വിസ്കി, മറ്റ് മദ്യം എന്നിവ അരീനകളിലെ ആഡംബര ഹോസ്പിറ്റാലിറ്റി ഏരിയകളിൽ നൽകുമെന്നും സംഘാടകർ അറിയിച്ചു. പക്ഷെ ഭൂരിഭാഗം ടിക്കറ്റ് ഉടമകൾക്കും ആ മേഖലകളിലേക്ക് പ്രവേശനമില്ല. മാത്രമല്ല ടൂർണമെന്റ് നടത്തുന്ന മേഖലകൾക്ക് പുറത്ത്, വർഷങ്ങളായി ഹോട്ടൽ ബാറുകളിൽ മദ്യം വിൽക്കാൻ അനുവാദമുണ്ടെങ്കിലും മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ഖത്തർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി, ദശലക്ഷക്കണക്കിന് വിദേശ ആരാധകർക്ക് രാജ്യം എങ്ങനെ ആതിഥ്യമരുളുമെന്നതിനെക്കുറിച്ച് അവകാശ ഗ്രൂപ്പുകൾ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഖത്തറിലെ സ്റ്റേഡിയങ്ങളിൽ ബിയർ വിൽപ്പന നിരോധിക്കാനുള്ള തീരുമാനം അത്യന്തം ആശങ്കാജനകമാണെന്ന് ഫുട്ബോൾ സപ്പോർട്ടേഴ്‌സ് യൂറോപ്പ് എന്ന ഫാൻ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ റൊണാൻ എവെയ്ൻ പറഞ്ഞു.