തുഷാർ ഉൾപ്പെട്ട തെലുങ്കാനയിലെ ഓപ്പറേഷന്‍ താമര; അന്വേഷണത്തിനായി തെലങ്കാന പൊലീസ് കൊച്ചിയില്‍

single-img
14 November 2022

തെലങ്കാനയില്‍ കെസി \ആറിന്റെ നേതൃത്വത്തിലുള്ള ടി ആര്‍ എസ് ഭരണകക്ഷിയിലെ എം എല്‍ എമാരെ കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്ത കേസുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസ് കൊച്ചിയിലെത്തി.തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ളവര്‍ ആരോപണം നേരിടുന്ന കേസില്‍, അറസ്റ്റിലായ രാമചന്ദ്രഭാരതിയുടെ സുഹൃത്ത് കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് തെലങ്കാനപോലീസെത്തിയത്.

തെലങ്കാനയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ താമര’ പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്‍റെ ആരോപണം.

നേരത്തെ തന്നെ അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യുന്നതിന്, രണ്ട്പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ടി ആര്‍ എസ് എം എല്‍ എമാർക്ക് കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്ത കേസന്വേഷണവുമായി ബന്ധപ്പെട്ട് നല്‍ഗോണ്ട എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊച്ചിയിലെത്തിയത്.

മുൻപേ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട രാമചന്ദ്രഭാരതിയുടെ സുഹൃത്ത് കൊച്ചിയിലെ ഒരു സ്വാമിയാണെന്നാണ് വിവരം.സ്വാമിയെ തേടിയാണ് തെലങ്കാന പോലീസ് സംഘം കൊച്ചിയിലെത്തിയത്.കേസില്‍ ഉള്‍പ്പെട്ട സതീഷ് ശര്‍മ്മയെന്ന കാസര്‍കോഡ് സ്വദേശിക്കും സ്വാമിയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു.
വിഷയത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തിയ സംഘം കൊച്ചി പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.