ആർഎസ്എസിന് വിഷമമുണ്ടാക്കുന്ന ചെറിയ കാര്യം പോലും ചെയ്യാൻ യുഡിഎഫ് തയ്യാറായില്ല: മുഖ്യമന്ത്രി

single-img
24 February 2026

രാജ്യത്ത് പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നിരവധി അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്ത് ചരിത്രപരമായ തീരുമാനങ്ങൾ എടുത്ത സഭയിൽ പ്രതിപക്ഷം ക്രിയാത്മകമായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

സർക്കാരിനെതിരെ കാതലായ ആരോപണം ഒന്നും ഉന്നയിക്കാനാകാത്തതിനാലാണ് പ്രതിപക്ഷം ചർച്ചകളിൽ നിന്ന് പിന്മാറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പോലും ഭയപ്പെടുന്ന പ്രതിപക്ഷം വേറെയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വസ്തുതകളെ ഭയക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും ആരോപിച്ചു.

കിഫ്ബി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചുവെന്നും, രാഷ്ട്രീയ വിരോധം കാരണം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആർ എസ് എസിനെ അസ്വസ്ഥരാക്കുന്ന ചെറിയ നടപടികൾ പോലും സ്വീകരിക്കാൻ യു.ഡി.എഫ് തയ്യാറായില്ലെന്നും, അധികാരത്തിൽ എത്തിയാൽ യുഡിഎഫ് ലൈഫ് പദ്ധതി റദ്ദാക്കുമെന്ന നിലപാട് എടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് സുരക്ഷയും സമത്വവും ഉറപ്പാക്കിയതുകൊണ്ടാണ് കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.