സദ്യ മാലിന്യത്തിൽ കളഞ്ഞ വിഷയം; മുഴുവൻ അച്ചടക്ക നടപടിയും പിൻവലിച്ചു

single-img
13 September 2022

സദ്യ മാലിന്യത്തിൽ കളഞ്ഞ വിഷയത്തിൽ നഗരസഭാ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചു. ഇതിന്റെ ഭാഗമായി ഏഴ് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിക്കുകയും, പിരിച്ചുവിട്ട നാല് തൊഴിലാളികളെ തിരിച്ചെടുക്കുകയും ചെയ്തു. പണിഷ്‌മെന്റ് എന്ന നിലയിലല്ല സസ്‌പെൻഡ് ചെയ്തതെന്നും, കൂടുതൽ അന്വേഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് നടപടി എടുത്തത് എന്നുമാണ് ഇപ്പോൾ മേയർ വിശദീകരിക്കുന്നത്.

ശുചീകരണ തൊഴിലാളികൾ ഓണസദ്യ കളഞ്ഞ് പ്രതിഷേധിച്ച സംഭവം ഒതുക്കി തീർക്കാൻ സി.പി.എം നേതൃത്വം ഇടപെട്ടിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി തന്നെ മേയറെ തള്ളി രംഗത്ത് വന്നിരുന്നു. പ്രശ്നം വഷളായി പാർട്ടിയിൽ ഭിന്നസ്വരം ഉയർന്ന സാഹചര്യത്തിൽ ജില്ലാ കമ്മിറ്റി ഇടപെട്ടു അച്ചടക്ക നടപടി പിൻവലിക്കാൻ മേയറോട് ആവശ്യപ്പെടുകയായിരുന്നു.

കൂടാതെ തൊഴിലാളികൾക്കെതിരെയുള്ള നടപടികൾ പിൻവലിച്ചുള്ള പ്രശ്നപരിഹാരം മാത്രമേ സാദ്ധ്യമാകുകയുള്ളൂവെന്ന നിലപാടിലാണ് ഭരണപക്ഷ തൊഴിലാളി യൂണിയനുകളും നിലപാട് എടുത്തിരുന്നു. പിരിച്ചുവിട്ട തൊഴിലാളികൾ പലരും ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവർക്ക് ഈ ജോലിയായിരുന്നു അത്താണിയെന്നും ഓണക്കാലത്ത് പിരിച്ചുവിട്ട നടപടി അവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് യൂണിയൻ ഭാരവാഹികൾ പറയുന്നത്.