ഹരിയാന: വിഎച്ച്പി യാത്രയ്ക്ക് അനുമതി നിഷേധിച്ച് നുഹ് ജില്ലാ ഭരണകൂടം

single-img
23 August 2023

ഓഗസ്റ്റ് 28ന് നടത്താനിരുന്ന വിഎച്ച്പി യാത്രയ്ക്കുള്ള അനുമതി ഹരിയാനയിലെ നുഹ് ജില്ലാ ഭരണകൂടം നിഷേധിച്ചു. വിഎച്ച്പിയുടെ ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്ക് അധികൃതർ അനുമതി നിഷേധിച്ചെന്ന് പോലീസ് അറിയിച്ചു. സംഘാടകർ നൽകിയ അനുമതിക്കായുള്ള അപേക്ഷ നുഹ് ജില്ലാ ഭരണകൂടമാണ് നിരസിച്ചത്.

ഈ ജൂലൈയിൽ നടന്ന വിഎച്ച്പി യാത്രയ്ക്കിടെ ഹരിയാനയിലെ നുഹിൽ സംഘർഷം പൊട്ടിപ്പുറപ്പിട്ടിരുന്നു. പിന്നാലെ ആഗസ്റ്റ് 13 ന് പൽവാലിലെ പോണ്ട്രി ഗ്രാമത്തിൽ ഹിന്ദു സംഘടനകൾ മഹാപഞ്ചായത്ത് നടത്തിയിരുന്നു. മഹാപഞ്ചായത്തിന് ശേഷം നുഹിലെ നൽഹാർ ക്ഷേത്രത്തിൽ നിന്ന് വിഎച്ച്പി യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചതിന് ശേഷമാണ് ഈ സംഭവം.

ജാഥയ്ക്ക് അനുമതി തേടിയുള്ള അപേക്ഷ ഇന്ന് നിരസിച്ചത് നുഹ് പോലീസ് സൂപ്രണ്ട് നരേന്ദർ ബിജാർനിയയാണ് സ്ഥിരീകരിച്ചത്. മഹാപഞ്ചായത്തിൽ വച്ച്, നൂഹിലെ നൽഹാർ ക്ഷേത്രത്തിൽ നിന്ന് പുനരാരംഭിച്ച് ജില്ലയിലെ ഫിറോസ്പൂർ ജിർക്കയിലെ ജീർ, ഷിംഗാർ ക്ഷേത്രങ്ങളിലൂടെ യാത്ര കടന്നുപോകാൻ തീരുമാനിച്ചിരുന്നു.

ജൂലൈ 31 ന് വിഎച്ച്പി ജാഥയെ ജനക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് നുഹിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേർ മരിച്ചിരുന്നു. ഇതേതുടർന്ന് സമീപ ജില്ലയായ ഗുരുഗ്രാമും അക്രമ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു.