ഒരു പൊലീസ് സന്നാഹത്തിന്റെയും ആവശ്യമില്ല; പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെയുണ്ടാകും: മന്ത്രി വീണാ ജോര്‍ജ്

single-img
21 February 2026

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവിടെ പ്രതിഷേധം നടക്കുന്നു എന്ന കാര്യം ഫോണ്‍ ചെയ്ത് പറയേണ്ടെയെന്നും പറഞ്ഞിരുന്നെങ്കില്‍ പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് വന്നേനെയെന്നും വീണാ ജോര്‍ജ് പരിഹസിച്ചു. ഇവിടെ പ്രതിഷേധം നടക്കുന്ന കാര്യം അറിഞ്ഞില്ല. തനിക്ക് ഒരു പൊലീസ് സന്നാഹത്തിന്റെയും ആവശ്യമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെയുണ്ടാകുമെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു. പത്തനംതിട്ടയില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം.

കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത് വളരെ സാധാരണക്കാരായ മനുഷ്യരാണ്. അവര്‍ക്ക് ഏറ്റവും നല്ല ചികിത്സ നല്‍കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ ചികിത്സ ലഭ്യമാക്കാതെ ആര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്ന കാര്യം അറിയാതിരുന്നതിനാലാണ് അപ്പോള്‍ എത്താന്‍ സാധിക്കാത്തത്. താന്‍ ഇവിടെ തന്നെയുണ്ടാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന പ്രതിഷേധങ്ങളെല്ലാം അജണ്ടയുടെ ഭാഗമാണ്. കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖല കുത്തകകള്‍ വിലയ്ക്ക് വാങ്ങിക്കഴിഞ്ഞു. ആ കുത്തകകള്‍ക്ക് വേണ്ടിയുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. കാര്യങ്ങള്‍ കൃത്യമായി നടക്കാത്ത വകുപ്പാണ് ഇതെങ്കില്‍ ഇത്രയും സമരങ്ങളുണ്ടാകുമോ? കേരളത്തില്‍ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടായി.

സര്‍ക്കാര്‍ ആശുപത്രികളിലെ എല്ലാ ഡോക്ടര്‍മാരും മോശക്കാരല്ല. വളരെ ചുരുക്കം ചിലര്‍ ആര്‍ദ്രതയില്ലാതെ പെരുമാറുന്നു. എന്നാല്‍ ചിലര്‍ വളരെ സ്‌നേഹത്തോടെയും അനുകമ്പയോടെയും പെരുമാറുന്ന ഡോക്ടര്‍മാരുമുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.