എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്ര; അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

single-img
10 August 2023

സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന് എൻഎസ്എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രക്കെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ. 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി തടയുകയായിരുന്നു.

എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെയാണ് കേസെടുത്തത്. കേസിന് ആധാരമായ കാര്യങ്ങളൊന്നും നാമജപഘോഷയാത്രയിൽ ഉണ്ടായിട്ടില്ലെന്ന് പ്രതികൾ കോടതിയിൽ വാദിച്ചു.

കേരളാ സർക്കാരും കടുത്തനടപടി ഉണ്ടാവില്ലെന്ന് ഹൈക്കോടതിയിൽ അറിയിച്ചു. കേസിനെതിരെ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.

പൊലീസ് നൽകിയിരുന്ന മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്.