സംഘപരിവാറിന്റെ ചട്ടുകമായി മാറുന്നു; നായർ സമുദായം സുകുമാരൻ നായരുടെ കീശയിലല്ല: എ കെ ബാലന്‍

single-img
31 July 2023

‘മിത്ത്’ പരാമര്‍ശത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം നേതാവ് എ കെ ബാലന്‍. സംഘപരിവാറിന്‍റെ വര്‍ഗ്ഗീയവത്കരണം ഏറ്റുപിടിക്കുന്നത് ഒരു സമുദായ സംഘടനക്ക് ചേര്‍ന്നതല്ലെന്നും നായർ സമുദായം സുകുമാരൻ നായരുടെ കീശയിലല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

നി ഷംസീര്‍ പറഞ്ഞത് എന്താണെന്ന് മനസിലാക്കാതെ തെറ്റിദ്ധാരണ പരത്തി വര്‍ഗ്ഗീയവല്‍ക്കരണത്തിന് ശ്രമിക്കുകയാണ് ബിജെപിയും സംഘപരിവാറും. അതിനെയെല്ലാം ഏറ്റുപിടിക്കുന്നത് ഒരു സമുദായ സംഘടനക്ക് ചേര്‍ന്നതല്ല. ഒന്നുകില്‍ പറഞ്ഞതെന്തെന്ന് മനസിലാക്കാതെയാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. അല്ലെങ്കില്‍ സംഘപരിവാറിന്റെ ചട്ടുകമായി മാറുന്നതിന്റെ ലക്ഷണമാണ്- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

യുക്തിബോധത്തിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസത്തില്‍ മിത്തുകളുടെ പിന്‍ബലത്തില്‍ ചരിത്ര – ശാസ്ത്രബോധം രൂപപ്പെടുത്തുന്നത് ആധുനിക യുഗത്തെ വെല്ലുവിളിക്കലാണ്. പ്രധാനമന്ത്രി പറഞ്ഞ ഒരു കാര്യം സ്പീക്കര്‍ എടുത്തുപറയുക എന്നതിനപ്പുറം ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ ഹനിക്കുന്ന വിധത്തിലുള്ള ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല.

അവസാന തെരഞ്ഞെടുപ്പ് ദിവസം, വിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ അധഃപതിച്ച മനസ്സിന്റെ തുടര്‍ച്ചയായി മാത്രമേ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ഇപ്പോഴത്തെ നിലപാടിനെ കാണാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ആഹ്വാനം കേരളത്തിലെ സമുദായ അംഗങ്ങള്‍ തന്നെ തള്ളിക്കളഞ്ഞതാണ് കേരളം കണ്ടത്. നിര്‍ഭാഗ്യകരമാണ് സുകുമാരന്‍ നായരുടെ നിലപാട്. ഇത് എന്‍എസ്എസില്‍ വിശ്വസിച്ച സമുദായാംഗങ്ങളുടെ വികാരമായി സമൂഹം കാണുകയേയില്ല. ഇതില്‍ മാപ്പ് പറയേണ്ടത് സ്പീക്കറല്ല, സുകുമാരന്‍ നായരാണെന്നും എ.കെ. ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.