സിപിഎം എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല സംസ്ഥാന സർക്കാർ: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
16 February 2026

സിപിഎം എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല സംസ്ഥാന സർക്കാരെന്ന നിർണായക രാഷ്ട്രീയ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാരും പാർട്ടിയും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്നും അത് വലിയൊരു പ്രതിസന്ധിയാണെന്നും വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളെ സംബന്ധിച്ചിടത്തോളം യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിലവിലില്ലെന്നും പ്രതിസന്ധി ഉണ്ടാകണമെന്ന് മാധ്യമങ്ങൾ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ജനാധിപത്യ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒരു കക്ഷിയാണ്. എന്നാൽ പാർട്ടി മുന്നോട്ടുവയ്ക്കുന്ന എല്ലാ കാര്യങ്ങളും അല്ലെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതേപടി നടപ്പിലാക്കാൻ കഴിയുന്ന ഒരു ഭരണകൂട സംവിധാനമല്ല സർക്കാരിനുള്ളത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടത്തിന് കീഴിലുള്ള ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന യാഥാർഥ്യം എല്ലാവരും തിരിച്ചറിയണം.

ഇക്കാര്യം 1957ൽ തന്നെ ഇഎംഎസ് നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാന സർക്കാരിന് അതിൻ്റേതായ പരിമിതികളുണ്ട്. ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജനങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. കാർഷിക പരിഷ്കരണ നിയമം നടപ്പിലാക്കി ജന്മിത്വം അവസാനിപ്പിച്ചത് പോലെയുള്ള അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നത്. അതിനാൽ പാർട്ടി ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സർക്കാരിന് നടപ്പിലാക്കാൻ കഴിയുമെന്ന് ധരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.

മുൻ മുഖ്യമന്ത്രി ഇകെ നായനാർ പണ്ട് നടത്തിയ ‘കുന്നംകുളം’ പരാമർശം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി തുടങ്ങിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ അദ്ദേഹം ചോദ്യം ചെയ്തു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ തീരുമാനമായിരുന്നുവെന്നും അത് നടപ്പിലാക്കുക എന്നത് സർക്കാരിൻ്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയുടെ നിലപാടും സർക്കാർ സ്വീകരിക്കുന്ന നിലപാടും എല്ലായ്‌പ്പോഴും ഒന്നായിരിക്കില്ല. ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനം വേണ

മെന്നോ വേണ്ടെന്നോ തീരുമാനിച്ചത് കോടതിയുടേതായ ഭാഗമാണ്. ആ വിധി നടപ്പിലാക്കുക എന്ന ഭരണഘടനാപരമായ ബാധ്യതയാണ് സർക്കാർ നിർവഹിച്ചത്. നിലവിൽ കോടതി ബെഞ്ച് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടക്കാനിരിക്കുന്നത്. അല്ലാതെ സർക്കാരിനോട് വിശദീകരണം ചോദിക്കുകയോ മറ്റോ ചെയ്തിട്ടില്ല. അതിനാൽത്തന്നെ ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.