‘ഭാരത് ബന്ദ്’ യഥാര്‍ഥത്തില്‍ മറ്റൊരു ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി; വിമർശനവുമായി ശശി തരൂർ

കേന്ദ്രനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയപണിമുടക്കിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ഇന്നത്തെ ‘ഭാരത് ബന്ദ്’ യഥാര്‍ഥത്തില്‍ മറ്റൊരു ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണെന്നാണ് ശശി തരൂര്‍ പറഞ്ഞത്.
ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ ഇത്തരം നിര്‍ബന്ധിത തടസ്സപ്പെടുത്തലുകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്നപ്പോള്‍, അസംഘടിതരായ ഭൂരിപക്ഷത്തിന് മേല്‍ സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിന് മുന്നില്‍ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്ന് തരൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.ബജറ്റ് വിശകലനം
പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞാന്‍ പിന്തുണയ്ക്കുന്നു, എന്നാല്‍ തടസ്സപ്പെടുത്താനുള്ള അവകാശത്തെയല്ലെന്ന് ശശി തരൂര്‍ എടുത്തുപറയുന്നു. മറ്റൊരാളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയാന്‍ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ലെന്നും തരൂര്‍ ചൂണ്ടിക്കാണിത്തുന്നു.
നമ്മുടെ തീവ്രമായ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന ഓടിച്ചുവിട്ടു; ഇപ്പോള്‍, പൗരന്മാരെ സ്വന്തം വീടുകളില്‍ തടവുകാരാക്കുകയും കടയുടമകളെ ഷട്ടറുകള്‍ താഴ്ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഇത്തരം പഴഞ്ചന്‍ ‘കായികബല’ രീതികളില്‍ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കള്‍ക്കും സംരംഭകര്‍ക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണ്. സ്വയം നശിപ്പിക്കുന്ന ഈ ശീലം ഉപേക്ഷിക്കാന്‍ സമയമായിരിക്കുന്നു. ക്രിയാത്മകമായ വിയോജിപ്പുകള്‍ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ.
‘ഫാക്ടറികള്‍ക്കുള്ളില്‍നിന്ന് നമ്മുടെ തെരുവുകളിലേക്കും വീടുകളിലേക്കും വ്യാപിച്ച തീവ്ര യൂണിയന്‍ പ്രവര്‍ത്തനം മൂലം കേരളത്തിന്റെ സല്‍പ്പേരിന് ഇതിനകം തന്നെ മങ്ങലേറ്റു കഴിഞ്ഞു. ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികള്‍ പിന്തുടര്‍ന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാന്‍ നമുക്ക് കഴിയില്ല, തരൂര്‍ കുറിപ്പില്‍ പറഞ്ഞു.


